കുവൈത്ത്: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ വിവിധ കേസുകളിൽ അന്വേഷിച്ചുകൊണ്ടിരുന്ന 125 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയുടെ ഭാഗമായി മൊത്തം 203 സുരക്ഷാ, ഗതാഗത നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുസുരക്ഷ ശക്തിപ്പെടുത്തുക, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുക, നിയമലംഘനങ്ങളും അനധികൃത പ്രവർത്തനങ്ങളും തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി രാജ്യവ്യാപക പരിശോധന നടത്തിയത്.പരിശോധനയിൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്ത 25 പേരെയും ക്രിമിനൽ കേസുകളിൽ അന്വേഷിച്ചിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന രണ്ടുപേരും മയക്കുമരുന്ന് കൈവശംവച്ച ഒരാളും പിടിയിലായി. കൂടാതെ മാനസികാവസ്ഥയെ ബാധിക്കുന്ന ലഹരിവസ്തുക്കൾ കൈവശംവച്ച നാലുപേരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.കോടതിയുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷിച്ചിരുന്ന എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 23 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.ഇതിനുപുറമെ കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 13 വാഹനങ്ങളും നീക്കം ചെയ്തു.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.



