കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരി വസ്തുക്കളുടെ വ്യാപാരവും നിർമ്മാണവും തടയുന്നതിനുള്ള കർശന സുരക്ഷാ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ മയക്കുമരുന്നുമായി നാല് പേരും, വഫ്രയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിവന്ന ഏഴുപേരും പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് ഫർവാനിയ, അൽ-രിഖ, അൽ-ദാഹർ എന്നീ മേഖലകളിൽ നടത്തിയ വ്യത്യസ്ത പരിശോധനകളിൽ നാല് പ്രതികളെ പിടികൂടിയത്.
ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 1010 കാപ്സ്യൂൾ ലിറിക്ക, കെമിക്കൽ ലായനിയിൽ മുക്കിയ 307 എ4 ഷീറ്റുകൾ, 100 ഗ്രാം കഞ്ചാവ്, 51 ഗ്രാം ക്രിസ്റ്റൽ മെത്ത്, രണ്ട് സെൻസിറ്റീവ് സ്കെയിലുകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് തെളിവുകൾ സഹിതം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മറ്റൊരു സംഭവത്തിൽ, അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും അൽ-വഫ്ര പൊലീസ് സ്റ്റേഷനും ചേർന്ന് നടത്തിയ നീക്കത്തിലാണ് അൽ-വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് 4 ഇന്ത്യക്കാരും 3 നേപ്പാളികളും ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു.
വഫ്ര റെസിഡൻഷ്യൽ അസോസിയേഷന് സമീപം റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു വാഹനം എതിർദിശയിൽ സഞ്ചരിച്ചതിനെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനകത്ത് മദ്യക്കുപ്പികളടങ്ങിയ ബാഗുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് വഫ്രയിലെ വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്.



