കുവൈത്ത് സിറ്റി: പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവരാണെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അവർ.കേരളത്തിലെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേഗത്തിലും കൃത്യതയോടെയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. നാട്ടിലെ പട്ടിണി മാറ്റുന്നതിനും ദാരിദ്ര്യനിർമാർജനത്തിനും കെഎംസിസി, ഒഐസിസി തുടങ്ങിയ പ്രവാസി സംഘടനകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.
ഒഐസിസി പരിപാടിയിൽ പങ്കെടുക്കാനാണ് ഷാനിമോൾ ഉസ്മാൻ കുവൈത്തിലെത്തിയത്. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണച്ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ബി.എസ്. പിള്ള, നിസാം തിരുവനന്തപുരം, കെഎംസിസി ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, മുജീബ് മൂടാൽ എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി സലാം ചെട്ടിപ്പടി നന്ദിയും പറഞ്ഞു.



