കുവൈത്ത് സിറ്റി: കുവൈത്തിൽ 932 പ്രവാസികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഒക്ടോബർ 25ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
കെട്ടിട ഉടമകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലോ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നോ ആണ് വിലാസങ്ങൾ റദ്ദാക്കിയത്.വിലാസം റദ്ദാക്കപ്പെട്ടവർ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.ഇതിനായി ആവശ്യമായ രേഖകൾ സഹിതം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിനെ നേരിട്ട് സമീപിക്കുകയോ സർക്കാർ സേവന ആപ്ലിക്കേഷനായ സഹേൽ (Sahel) വഴി വിലാസം പുതുക്കുകയോ ചെയ്യാം.
നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസം പുതുക്കാത്തവർക്ക് 1982ലെ 32-ാം നമ്പർ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം 100 കുവൈത്ത് ദിനാർ വരെ പിഴ ചുമത്താമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന ഓരോ വ്യക്തിക്കും പ്രത്യേകം പിഴ ബാധകമായേക്കും.സിവിൽ ഐഡിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന താമസ വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും വിലാസം റദ്ദാക്കപ്പെട്ടവർ നിയമനടപടികളും പിഴയും ഒഴിവാക്കാൻ സമയപരിധിക്കുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



