കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ 264 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. അംഗീകൃത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യവസ്തുക്കളാണ് അധികൃതർ നശിപ്പിച്ചത്.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് 11 നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 11 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ഒരു സ്ഥാപനത്തിൽ നിന്ന് നിയമങ്ങൾ പാലിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് വാങ്ങുകയും ചെയ്തു.ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് തടയുന്നതിനുമാണ് പരിശോധന സംഘടിപ്പിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ സംഭരണം, വിൽപ്പന, ഗുണനിലവാരം എന്നിവ നിരീക്ഷിക്കുന്നതിനുള്ള പരിശോധനകൾ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



