ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ; ഖത്തർ റിയാലിൻറെ വിനിമയ നിരക്ക് കൂടുന്നു

  • 12/04/2021

ദോഹ: ഇന്ത്യൻ രൂപയുടെ മൂല്യം ഒൻപതു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. ഡോളറിന് 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും രാവിലെ 10.30 ഓടെ തന്നെ 75.15 രൂപയിലെത്തി. 2020 ജൂലായ് 20നാണ് ഈ നിലവാരത്തിലേക്ക് അവസാനമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഖത്തർ റിയാലിന് 20 രൂപ 20 പൈസക്ക് മുകളിലാണ് ഇന്നത്തെ വിനിമയ നിരക്ക്.മിക്ക ഗൾഫ് രാജ്യങ്ങളിലെയും കറൻസികളും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്കിൽ ഈ വ്യത്യാസം പ്രകടമാണ്. റമദാനിൽ പ്രവാസികൾക്ക് നാട്ടിൽ ചിലവ് കൂട്ടുന്ന മാസമായതിനാൽ പലർക്കും ഇത് ആശ്വാസമാകും. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി,കടപ്പത്ര നിക്ഷേപങ്ങൾ വ്യാപകമായി വിട്ടൊഴിച്ചതാണ് രൂപയുടെ വിലയിടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.ഒരു മാസത്തിനിടെ വിദേശനിക്ഷേപകർ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റഴിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 1.68 ലക്ഷം കവിഞ്ഞു.ഇതേതുടർന്ന് ഓഹരിവിപണികൾ കൂപ്പുകുത്തി.സെൻസെക്സിന് 1500 ലേറെ പോയിന്റാണ് നഷ്ടമായത്.

Related Articles