ടോക്കിയോ ഒളിംപിക്സ്: വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരയ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി

  • 21/07/2021


ടോക്കിയോ: ടോക്കിയോ ഒളിംപിക്സിന്റെ ഔദ്യോ​ഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരും റാങ്കിം​ഗിൽ ഒന്നാം സ്ഥാനക്കാരുമായ അമേരിക്കക്ക് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ നാലു തവണ ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള അമേരിക്കയെ സ്വീഡനാണ് എതിരില്ലാത്ത മൂന്നു ​ഗോളുകൾക്ക് അട്ടിമറിച്ചത്. തുടർച്ചയായി 44 മത്സരങ്ങളിൽ പരാജയം അറിയാതെ ഒളിംപിക്സിന് എത്തിയ അമേരിക്കയെ ആണ് സ്വിഡൻ വാരിക്കളഞ്ഞത്.

2016ലെ റിയോ ഒളിംപിക്സ് ക്വാർട്ടറിലും അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചിരുന്നു. സ്റ്റിന ബ്ലാക്ക്സ്റ്റെനിയസിന്റെ ഇരട്ട​ഗോൾ മികവിലാണ് സ്വീഡൻ വിജയത്തുടക്കമിട്ടത്. ആദ്യ എട്ടു മിനിറ്റിനുള്ളിൽ തന്നെ ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ പായിച്ച് അഞ്ചാം റാങ്കുകാരായ സ്വീഡൻ അമേരിക്കയെ വിറപ്പിച്ചു. ആദ്യ പകുതിയിൽ മാത്രം അഞ്ച് ഷോട്ടുകളാണ് അമേരിക്കൻ ​ഗോളി തട്ടിയകറ്റിയത്.

25-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ബ്ലാക്ക്സ്റ്റെനിയസ് അമേരിക്കൻ വലയിൽ പന്തെത്തിച്ചു.54-ാം മിനിറ്റിൽ ബ്ലാക്ക്സ്റ്റെനിയസ് സ്വീഡന്റെ രണ്ടാം ​ഗോളും നേടി അമേരിക്കയെ പ്രതിരോധത്തിലാക്കി. ലിന ഹർട്ടി​ഗ് സ്വീഡന്റെ മൂന്നാം ​ഗോളും നേടി അമേരിക്കയുടെ പ്രതീക്ഷയിൽ അവസാന ആണിയുമടിച്ചു.

1996ലെ ഒളിംപിക്സിനുശേഷം 2016വരെ എല്ലാ ഒളിംപിക്സിലും അമേരിക്ക ഫൈനലിലെത്തിയിരുന്നു. എന്നാൽ റിയോയിൽ ക്വാർട്ടറിൽ സ്വീഡന് മുന്നിൽ അടിതെറ്റി. ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ സ്വീഡൻ അമേരിക്കയെ വീണ്ടും ഞെട്ടിച്ചു. ഈ വർഷം കളിച്ച 12 മത്സരങ്ങളിൽ 11ലും ജയിച്ച അമേരിക്ക ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. 2019നുശേഷം അമേരിക്കൻ ടീമിന്റെ ആദ്യ തോൽവിയാണിത്.

Related Articles