വിന്‍ഡോസ് 11' ഓഎസിന്റെ പേരില്‍ പുതിയ മാല്‍വെയര്‍

  • 08/09/2021



മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ. എന്നാൽ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചില ഹാക്കർമാർ. വിൻഡോസ് 11 ഉമായി ബന്ധപ്പെട്ട് ഒരു മാൽവെയർ പുറത്തിറങ്ങിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ അനോമലിയിലെ ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റിലൂടെയാണ് മാൽവെയർ പ്രചരിപ്പിക്കുന്നത്. ഉപകരണങ്ങളിൽ അപകടകരമായ കോഡുകൾ പ്രവർത്തിപ്പിക്കാൻ ഹാക്കർമാരെ സഹായിക്കുന്ന ജാവാ സ്ക്രിപ്റ്റ് കൂടി ചേർത്തതാണ് ഈ ഫയൽ. ഇത്തരത്തിൽ ആറ് വേർഡ് ഡോക്യുമെന്റുകൾ കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.


ഈ സൈബർ ആക്രമണത്തിന് പിന്നിൽ സൈബർ കുറ്റവാളി സംഘമായ ഫിൻ7 (FIN7) ആണെന്നാണ് കരുതുന്നത്. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള സംഘമാണിത്. അന്താരാഷ്ട്ര സ്ഥാപനങ്ങളെയാണ് ഇവർ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും അമേരിക്കൻ സ്ഥാപനങ്ങൾ. പലപ്പോഴായി നടത്തിയിട്ടുള്ള സൈബർ ആക്രമണങ്ങളിലൂടെ 100 കോടിയിലേറെ ഡോളറിന്റെ നഷ്ടം ഇവർ ഇത്തരം കമ്പനികൾക്കുണ്ടാക്കിയിട്ടുണ്ട്.

പുതിയ വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരെയാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നത്. ഏത് രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. ഇമെയിൽ വഴിയാണ് അപകടകരമായ വേർഡ് ഫയലുകൾ പ്രചരിപ്പിക്കുന്നത് എന്നാണ് അനോമലിയുടെ അനുമാനം.


വേഡ് ഡോക്യുമെന്റ് വിൻഡോസ് 11 ആൽഫയിൽ നിർമിച്ചതാണെന്നും ഈ ഫയൽ സുരക്ഷിതമായി തുറക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നും നിർദേശിക്കും. ഈ ഫയൽ കാണാൻ Enable Editing ക്ലിക്ക് ചെയ്യാനും ശേഷം Enable Content ക്ലിക്ക് ചെയ്യാനുമാണ് നിർദേശം.

ഈ നിർദേശങ്ങൾ അനുസരിച്ചാൽ വേഡ് ഡോക്യുമെന്റിൽ ഹാക്കർമാർ ഒളിച്ചുവെച്ച ജാവാ സ്ക്രിപ്റ്റ് ബാക്ക്ഡോർ ആക്റ്റിവേറ്റ് ആവും. ഇതോടെ ഹാക്കർമാർക്ക് കംപ്യൂട്ടറിൽ നുഴഞ്ഞുകയറാനും സാധിക്കും. ഉപയോക്താവിന്റെ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്ന വിവരങ്ങളായിരിക്കും ഇവരുടെ ലക്ഷ്യം.

ഒക്ടോബർ അഞ്ചിനാണ് വിൻഡോസ് 11 പുറത്തിറക്കുന്നത്. നിലവിൽ വിൻഡോസ് ഇൻസൈഡർ പ്രോഗ്രാം അംഗങ്ങൾക്കും ഡെവലപ്പർമാർക്കും ബീറ്റാ ടെസ്റ്റർമാർക്കും മാത്രമാണ് വിൻഡോസ് 11 ഓഎസ് ലഭ്യമായിട്ടുള്ളത്.

Related Articles