വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് മേഖലയിലേക്ക് തല്‍ക്കാലം പ്രവേശനം അനുവദിക്കേണ്ട: റിസര്‍വ് ബാങ്ക്

  • 19/09/2021


മുംബൈ: വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് മേഖലയിലേക്ക് തല്‍ക്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 നവംബറിലാണ് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തക സമിതി വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍, ഇപ്പോള്‍ വിഷയം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. ആഭ്യന്തര പ്രവര്‍ത്തക സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പുറത്തുവരും. ഇതില്‍ വിഷയത്തിലെ ആർബിഐയു‌ടെ പുതിയ നിലപാട് വ്യക്തമാക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ബാങ്കിംഗ് മേഖലയിലെ ലൈസന്‍സിംഗ് സമ്പ്രദായം ഉദാരീകരിച്ചപ്പോള്‍ മുതല്‍ ബാങ്ക് ലൈസന്‍സിനായി വിവിധ വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സാമ്പത്തികേതര വരുമാനം വ്യവസായ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 40 ശതമാനത്തിലധികവും 5,000 കോടി രൂപയ്ക്ക് മുകളിലും ആണെങ്കില്‍, ഇത്തരത്തില്‍ ഉയര്‍ന്ന ആസ്തി ഘടനയുളള ഗ്രൂപ്പുകള്‍ക്ക് കീഴിലുളള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പുതിയ ബാങ്കിംഗ് ലൈസന്‍സിനായി പരി​ഗണിക്കാം എന്നായിരുന്നു റിപ്പോർട്ട്. 

അന്തിമ റിപ്പോര്‍ട്ട് എത്തുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും.

Related Articles