സ്ത്രീകളുടെ മരണങ്ങളില്‍ മൂന്നില്‍ ഒന്നും ഹൃദ്രോഗമെന്ന് പഠനം; സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവ്

  • 27/05/2022ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ 17.9 ദശലക്ഷം പേരാണ് ഹൃദ്രോഗസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരണപ്പെട്ടത്. ലോകത്തെ മരണങ്ങളില്‍ 32 ശതമാനവും ഹൃദ്രോഗത്തിന്‍റെ സംഭാവനയാണ്. ഹൃദ്രോഗത്തിന്‍റെ കാര്യത്തില്‍ പുരുഷന്മാരുടെ അത്രതന്നെ സ്ത്രീകളും ഭയപ്പെടേണ്ടതുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഹൃദ്രോഗമുള്ളത്. സ്ത്രീകളുടെ മരണങ്ങളില്‍ മൂന്നില്‍ ഒന്ന് ഹൃദ്രോഗം മൂലമായിരുക്കും. 

നാഷനല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച് എല്ലാത്തരം അര്‍ബുദങ്ങളും മൂലം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന മരണങ്ങളുടെ സംഖ്യയിലും കൂടുതലാണ് ഹൃദ്രോഗം മൂലമുള്ള മരണത്തിന്‍റെ സംഖ്യ. സ്തനാര്‍ബുദത്തെക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ മാരകമാണ് സ്ത്രീകള്‍ക്ക് ഹൃദ്രോഗമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഹൃദ്രോഗം തങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് കരുതുന്ന സ്ത്രീകള്‍ 44 ശതമാനം മാത്രമാണ്. 

പ്രസവത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ പിന്നീട് ഇവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗ കുടുംബചരിത്രം, പുകവലി, മോശം ജീവിതശൈലി, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് 90 ശതമാനം സ്ത്രീകള്‍ക്കും ഉണ്ടാകുമെന്നും സര്‍വേകള്‍ അഭിപ്രായപ്പെടുന്നു. ഇനി ഇത്തരം റിസ്ക് ഘടകങ്ങള്‍ ഒന്നും ഇല്ലാത്ത യുവതികളില്‍ 48 ശതമാനത്തിനും രക്തധമനികളില്‍ ക്ലോട്ട് ഉണ്ടാകാമെന്ന് കാനഡയിലെ ഹാര്‍ട്ട് ആന്‍ഡ് സ്ട്രോക്ക് ഫൗണ്ടേഷന്‍ നടത്തിയ പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ഇതിനാല്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി ഹൃദയാരോഗ്യ സ്ഥിതി തിരിച്ചറിയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പം വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഹൃദ്രോഗത്തോട് അനുബന്ധിച്ച് വരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ദിവസങ്ങളോളം തുടരുന്ന അസ്വാഭാവികമായ ക്ഷീണം, ഉറക്ക പ്രശ്നം, തലചുറ്റല്‍, ശ്വാസംമുട്ടല്‍, ദഹനപ്രശ്നം, താടിക്ക് വേദന, പുറം വേദന, തോള്‍വേദന, നെഞ്ച് വേദന എന്നിങ്ങനെ നീളുന്നു ഹൃദ്രോഗികളായ സ്ത്രീകളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. 

ഹൃദയാഘാതം വന്ന് വീണ് കിടക്കുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വളരെ നിര്‍ണായകമാണ് ഉടനടി ലഭിക്കുന്ന സിപിആര്‍ ചികിത്സ. രോഗിയുടെ നെഞ്ചില്‍ മര്‍ദ്ദം ചെലുത്തിയും കൃത്രിമ ശ്വാസം നല്‍കിയും ചെയ്യുന്ന സിപിആര്‍ നിലച്ചു പോയ ഹൃദയത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പൊതുസ്ഥലത്ത് വച്ച് ഇത്തരത്തില്‍ ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന്  അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 45 ശതമാനം പുരുഷന്മാര്‍ക്കും സിപിആര്‍ ലഭിക്കുമ്പോൾ  സ്ത്രീകള്‍ക്ക് ഇത് 39 ശതമാനമാണ്. ഇതു കൊണ്ടുതന്നെ ഹൃദയാഘാതം വന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് 23 ശതമാനം കൂടുതലാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles