സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ആറ് ഭക്ഷണങ്ങള്‍...

  • 25/06/2023




പല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. വിളർച്ച അഥവാ അനീമിയ ഉണ്ടെങ്കിലും ഇത്തരത്തില്‍ കടുത്ത ക്ഷീണം അനുഭവപ്പെടാം. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. 

ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍. 

അതുപോലെ സ്ത്രീകളില്‍ ആര്‍ത്തവ ദിനങ്ങളിലും ഗര്‍ഭക്കാലത്തും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചീര ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും പേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്. 

രണ്ട്...

നെല്ലിക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയണ്‍, വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

മൂന്ന്...

പയർവർഗങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീൻസ്, വന്‍പയർ, ചെറുപയർ, സോയാബീൻ, കടല എന്നിവ പോഷകസമൃദ്ധമാണ്. കൂടാതെ പയർവർഗങ്ങൾ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടവുമാണ്. പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്.

നാല്...

മാതളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 

അഞ്ച്...

റെഡ് മീറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മട്ടന്‍, ബീഫ്, പോര്‍ക് തുടങ്ങിയ റെഡ് മീറ്റിലും അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ മിതമായി മാത്രം കഴിക്കുക. 

ആറ്...

മത്തങ്ങ വിത്തുകളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 28 ഗ്രാം മത്തങ്ങ വിത്തുകളില്‍ 4.2 മില്ലി ഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. 

Related Articles