വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍; നിലവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ട കാര്യങ്ങള്‍

  • 10/07/2023




ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകള്‍ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പലയിടങ്ങിലും മഴ കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കുമ്പോള്‍ ഈ അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് ചെറിയൊരു ശമനം നേരിടുന്നുണ്ട്.

എങ്കിലും പനി കേസുകളിലോ പകര്‍ച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോള്‍ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകള്‍ വൈറല്‍ പനി, ബാക്ടീരിയല്‍ ബാധകള്‍, ഫംഗല്‍ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈര്‍പ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്. 

ഇക്കൂട്ടത്തില്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍. വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോള്‍ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. 

മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങള്‍ പരത്താൻ കഴിവുള്ള രോഗകാരികള്‍ക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വര്‍ഷത്തില്‍ മറ്റൊരിക്കലും ഇത്രയും വലിയ തോതില്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടരില്ലെന്നതും ഓര്‍ക്കേണ്ട കാര്യമാണ്. 

പ്രധാനമായും ഇത്തരത്തില്‍ മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ടൈഫോയ്ഡ്:- ടൈഫോയ്ഡ് മഴക്കാല രോഗമായിത്തന്നെയാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. മലിനജലം കുടിക്കുകയോ, അല്ലെങ്കില്‍ ഭക്ഷണത്തിലൂടെ അകത്തെത്തുകയോ ചെയ്യുന്നത് വഴിയാണ് ടൈഫോയ്ഡ് പിടിപെടുക. സംഗതി പനി തന്നെ എന്നൊക്കെ തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടാൻ വരെ ടൈഫോയ്ഡ് കാരണമാകും. തളര്‍ച്ച, പനി, തലവേദന, വയറുവേദന, വയറിളക്കം/ മലബന്ധം, ചുമ, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ടൈഫോയ്ഡിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

രണ്ട്...

കോളറ:- മലിനജലത്തിലൂടെ പടരുന്ന മറ്റൊരു രോഗമാണ് കോളറ. വയറിളക്കം, നിര്‍ജലീകരണം എന്നിവയാണ് കോളറയുടെ പ്രധാന വെല്ലുവിളികള്‍. രോഗകാരികള്‍ കുടലിനെയാണ് ഇതില്‍ ബാധിക്കുക. ഇതെത്തുടര്‍ന്നാണ് ശക്തമായ വയറിളക്കമുണ്ടാകുന്നത്. ഇതിന് പിന്നാലെ നിര്‍ജലീകരണവും (ശരീരത്തിലെ ജലാംശം നഷ്ടമായിപ്പോകുന്ന അവസ്ഥ). കോളറയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. 

മൂന്ന്...

ഹെപ്പറ്റൈറ്റിസ് എ:- മലിനജലത്തിലൂടെ പകരുന്ന മറ്റൊരു ഗുരുതര രോഗം. ഹെപ്പറ്റൈറ്റിസ് എ, കരളിനെയാണ്  ബാധിക്കുക. രോഗമുള്ളവരില്‍ നിന്ന് രോഗകാരികള്‍ മറ്റൊരാളിലേക്ക് കടക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ചെറിയ പനി, മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളായി വരാം. 

എങ്ങനെ പ്രതിരോധിക്കാം?

മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സ്വാഭാവികമായും ശുചിത്വം ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യാനാവുക. ഇടവിട്ട് കൈകള്‍ വൃത്തിയായി കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങാതിരിക്കുക, വീടും പരിസരവും വെള്ളക്കെട്ടില്‍ നിന്ന് മുക്തമാക്കുക, കുടിക്കുന്ന വെള്ളത്തിന്‍റെ ശുദ്ധി ഉറപ്പാക്കുക, കഴിവതും പുറത്തുനിന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം സൂക്ഷിക്കുമ്പോഴും വൃത്തിയായി സൂക്ഷിക്കുക- ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

Related Articles