ലിവർ സിറോസിസിന്‍റെ ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്...

  • 13/07/2023



നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. 

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ...

ഒന്ന്... 

ലിവർ സിറോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം. ഇത് ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറത്തിന് കാരണമാകുന്നു. ബിലിറൂബിൻ ശരിയായി പ്രോസസ്സ് ചെയ്യാനും ഇല്ലാതാക്കാനും കരളിന് കഴിയാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.

രണ്ട്...

ആവശ്യത്തിനു വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. 

മൂന്ന്...

ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം. കൂടാതെ ഉദരത്തിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകാം.

നാല്...

ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നതിൽ കരൾ നിർണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകൾക്ക് കാരണമാകും. 

അഞ്ച്...

കരൾ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം ആണ് ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ. 

ആറ്...

ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

ഏഴ്... 

കരളിന്‍റെ പ്രവർത്തനം തകരാറിലായാല്‍ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും. 

എട്ട്...

കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദിയും ഉണ്ടാകുന്നു.

Related Articles