കൊറോണ വൈറസിന് ഈ തർക്കങ്ങൾ മനസിലാകില്ല !

  • 29/08/2020

ബി.ബി.സി. ടെലിവിഷൻ പോലും കേരളത്തെ പുകഴ്ത്തുന്നു. കഴിഞ്ഞ വർഷം ഉണ്ടായ നിപ രോഗപ്പടർച്ചയെ കേരളം വിജയകരമായി കൈകാര്യം ചെയ്ത രീതിയെ പ്രശംസിക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളിൽ നിന്ന് എങ്ങനെ പഠിക്കാമെന്ന് ലോകം ചർച്ച ചെയ്യുന്നു. ചെറിയ കാര്യമല്ല ഇത്.

ആരോഗ്യരംഗത്ത് വർഷങ്ങൾ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളുടെ ഫലമാണ് ഈ ഉന്നത സ്ഥാനം. കേരള ജനതയെന്നതിൽ നമുക്ക് അഭിമാനിക്കാം.

മസൂരിക്കെതിരെയുള്ള പ്രതിരോധ ചികിത്സയ്ക്ക് ജനങ്ങളിൽ ധൈര്യം ഉണ്ടാക്കാനായി 19-ാം നൂറ്റാണ്ടിൽ പരസ്യമായി കുത്തിവയ്പ് സ്വീകരിച്ച രാജകുടുംബം (രാജവാഴ്ചയുടെ ശരിതെറ്റുകൾ മറ്റൊരു വിഷയമാണ്) മുതൽ കുട്ടികളുടെ വാക്സിനുകൾക്കെതിരെ മതത്തിലൂടെ ഭീതിപടർത്തിയ ശക്തികളെ തോൽപിക്കാൻ കഴിഞ്ഞ വർഷം സ്വന്തം കുട്ടികൾക്ക് പരസ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുത്തിവയ്പ് നൽകിയ ഡോ: ഷിംന അസീസ് വരെ എത്തി നിൽക്കുന്നു നമ്മുടെ മുന്നിലെ മഹത്തായ ഉദാഹരണങ്ങളായി.

1951-ൽ കേരളത്തിൽ തിരുവനന്തപുരത്ത് ആദ്യത്തെ മെഡിക്കൽ കോളേജ് വരാൻ കാരണക്കാരനായ ഡോ: സി.ഓ. കരുണാകരൻ മുതൽ ഇപ്പോൾ കേരളത്തിലെ ആരോഗ്യരംഗത്തിന് മികച്ച നേതൃത്വം നൽകുന്ന മന്ത്രി ഷൈലജ ടീച്ചർ വരെ ആധുനിക വൈദ്യശാസ്ത്രത്തെ നാട്ടിൽ കൃത്യമായി ഉപയോഗിക്കാൻ നേതൃത്വം നൽകിയവരാണ്.

ഐ.എം.എ. പോലുള്ള പ്രസ്ഥാനങ്ങൾക്ക് കാലാകാലങ്ങളിൽ രാജ്യത്തിന്റെ പല ഭാഗത്തും ചില ചുവടുകൾ പിഴച്ചപ്പോഴും കേരളത്തിലെ ഐ.എം.എ. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും ദേശീയ ഐ.എം.എ. യുടെ പാളം തെറ്റാതിരുന്നതിന് കാരണം ഇടയ്ക്കിടെ ദേശീയ പ്രസിഡന്റുമാരായ മലയാളി ഡോക്ടർമാരാണ്. ഇപ്പോഴത്തെ നേതാക്കളായ ഡോക്ടർ ശ്രീജിത്തും ഡോക്ടർ സുൽഫിയും ഒക്കെ നാട്ടിൽ നടത്തുന്ന നിരന്തര ഇടപെടലുകൾ ഞാൻ പറയാതെ നിങ്ങൾക്കറിയാം.

കേരളത്തിലെ ആരോഗ്യ രംഗത്തെ നേട്ടങ്ങളെപ്പറ്റി പറയുമ്പോൾ സ്വകാര്യ ചികിത്സാരംഗത്തെ പരാമർശിക്കാൻ പലപ്പോഴും നമ്മൾ മറന്നു പോകും. പ്രാഥമികാരോഗ്യ രംഗത്ത് നമ്മുടെ നാട്ടിലെ ചെറിയ ക്ലിനിക്കുകളും ആശുപത്രികളും ചെയ്ത സേവനം ചെറുതല്ല. ഏത് സമയത്തും രോഗികൾക്ക് സമീപിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ സംവിധാനങ്ങളായിരുന്നു അവ (അത്തരം സ്ഥാപനങ്ങൾ ക്രമേണ പൂട്ടിപ്പോകുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല)

ആയൂർവേദം ഉൾപ്പെടെയുള്ള ചികിത്സാ ശാഖകൾ ആധുനിക വൈദ്യശാസ്‌ത്രത്തിലെ കണ്ടുപിടിത്തങ്ങൾക്കനുസരണമായി പഠന സിലബസുകൾ പരിഷ്ക്കരിക്കാൻ ശ്രമിക്കുന്ന നാടാണ് നമ്മുടേത് (അക്കാര്യത്തിലുള്ള ചില വിവാദങ്ങളും തൽക്കാലം ഇവിടെ ചർച്ച ചെയ്യാതിരിക്കാം). ഇതര ചികിത്സകളിൽ പ്രവർത്തിക്കുന്നവരെല്ലാം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറുകയാണ്. വിവാദ വിഷയങ്ങളിൽ പോലും ഈ സമയത്തെ അവരുടെ നിശബ്ദത ആദരിക്കപ്പെടേണ്ടതാണ്. കൊടും തട്ടിപ്പുകാരായ ചില വ്യാജ വൈദ്യൻമാർ മാത്രമാണ് തുടക്കത്തിൽ അപശബ്ദങ്ങൾ പുറപ്പെടുവിച്ചത്. അവരിൽ നിന്ന് മാത്രമാണ് അശാസ്ത്രീയമായ വിവരങ്ങൾ പ്രചരിച്ചത്. അവരെ ഐ.എം.എ. യും ആരോഗ്യ വകുപ്പും യുവ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇൻഫോ ക്ലിനിക്കും ഒക്കെ അപ്പപ്പോൾ കൃത്യമായി ഇടപെട്ട് ഒരു മൂലയ്ക്കിരുത്തിയിട്ടുണ്ട്. ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന മണ്ടത്തരങ്ങൾ പറഞ്ഞാൽ അഴികൾക്കുള്ളിലാകുമെന്ന് അനുഭവം അവരെ പഠിപ്പിച്ചിട്ടുമുണ്ട്.

കേരളത്തിലെ പ്രാഥമികാരോഗ്യ സംവിധാനങ്ങളെയാണ് എല്ലാവരും പ്രശംസിക്കുന്നത്. അത് സത്യവുമാണ്. ആയിരത്തിലധികമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുണ്ട്. അവിടെയും അവയുടെ സബ് സെന്ററുകളിലും ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങിയ തസ്തികളിലൊക്കെ ജോലി ചെയ്യുന്നവർ മുഴുവൻ സമയവും ജനങ്ങൾക്കിടയിലാണ്. നമ്മൾ നല്ല മുറികളിലിരുന്ന് ആരോഗ്യ ചർച്ച നടത്തുമ്പോൾ വൈദ്യുതിയും ശുദ്ധജലവും എത്താത്ത വനപ്രദേശങ്ങളിലെ ആദിവാസികളെ സാഹായിക്കാനായി ദിവസവും മലകയറുന്ന വനിതാ ആരോഗ്യ പ്രവർത്തകരുണ്ട്. ആരോഗ്യ വകുപ്പിലും ലോകാരോഗ്യ സംഘടനയിലും ഒക്കെ ജോലി ചെയ്യുമ്പോൾ ഈ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥത കണ്ട് മനസ് നിറഞ്ഞിട്ടുണ്ട്. പാലുകുടി മാറാത്ത കുഞ്ഞിനെ വീട്ടിലാക്കിയിട്ട് ജോലിക്കായി അകലെ മലകയറുന്ന സ്ത്രീയുടെ ദുരിതങ്ങൾ കണ്ട് കണ്ണും നിറഞ്ഞിട്ടുണ്ട്. അവരുടെയൊക്കെ മുന്നിൽ നമ്മൾ ചെയ്യുന്ന ജോലികൾ ചെറുതായിപ്പോകുന്നതായും തോന്നിയിട്ടുണ്ട്. പലപ്പോഴും.

കേരളത്തിലെ അംഗൻവാടി ടീച്ചർമാർ ആരോഗ്യ രംഗത്ത് ചെയ്യുന്ന സേവനം ചെറുതല്ല. ആറ് മാസം നീണ്ടു നിൽക്കുന്ന ക്ഷയരോഗ ചികിത്സ മുടങ്ങിപ്പോകാതിരിക്കാൻ പലയിടങ്ങളിലും മുഴുവൻ മരുന്നും സമീപത്തുള്ള അംഗൻവാടി ടീച്ചർമാരെയാണ് ഏൽപിക്കുന്നത്. ഓരോ ദിവസത്തെയും ഗുളിക രോഗികൾ കഴിച്ചെന്ന് അവർ ഉറപ്പു വരുത്തും. ഗുളിക കഴിക്കാൻ രോഗിയെ കിട്ടിയില്ലെങ്കിൽ അവരത് ആരോഗ്യ വകുപ്പിനെ അറിയിക്കും. ക്ഷയരോഗ ചികിത്സയിൽ വലിയ വിജയ ശതമാനത്തിന് കാരണക്കാർ അംഗൻവാടി ടീച്ചർമാർ കൂടിയാണ്. ഇവരെ കൂടാതെ മഹിളാ സ്വസ്ത് സംഘ്, ആശാ വർക്കർമാർ തുടങ്ങി ആയിരക്കണക്കിന് സന്നദ്ധ സേവകർ കൂടി ആരോഗ്യ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. അവരാണ് നമ്മുടെ വിജയത്തിലെ യഥാർത്ഥ കാലാൾപ്പട.

കേരളത്തിൽ നടക്കുന്ന ഇത്തരം നല്ല പ്രവർത്തനങ്ങൾ തത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിലും സാദ്ധ്യമാണ്. അവിടവിടെ ചില പ്രദേശങ്ങളിൽ സമാന മാതൃകകൾ നടക്കുന്നുമുണ്ട്. പക്ഷേ മിക്കയിടങ്ങളിലും രാഷ്ടീയ ഇഛാശക്തി, ഭരണത്തിലെ സുതാര്യത, സാക്ഷരത, ജനങ്ങളിലെ ആരോഗ്യ അവബോധം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ നമ്മൾക്കുള്ളതുപോലെ അനുകൂലമല്ല.

ഈ സമയത്ത് കേരളത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്‌. കേരളം ഒരു പ്രത്യേക രാജ്യമല്ല എന്ന ഓർമ്മ വേണം. ഇപ്പോൾ പടരുന്ന കൊറോണ രോഗത്തിന്റെ പോക്ക് ലോകത്തും രാജ്യത്തും എവിടെയെത്തി നിൽക്കുമെന്ന കാര്യത്തിൽ സത്യത്തിൽ ഊഹങ്ങൾ മാത്രമാണുള്ളത്. വൈറസ് രോഗാണുവിന് ഭൂപടത്തിലെ അതിരുകളോ സർക്കാരുകളുടെ അധികാര പരിധികളോ മതങ്ങളുടെ മതിൽക്കെട്ടുകളോ കണ്ടാൽ മനസിലാകില്ല. കേരളത്തിലെ ആരോഗ്യ വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് സർക്കാരിന്റെ കീഴിലാണ്. സർക്കാരെന്ന് പറഞ്ഞാൽ നമ്മൾ ഓരോരുത്തരുമാണ്. അല്ലാതെ മുഖ്യന്ത്രിയോ ആരോഗ്യ മന്ത്രിയോ മാത്രമല്ല. നേതൃത്വം ഇപ്പോൾ അവർക്കാണെന്ന് മാത്രം. കൊറോണക്കാര്യത്തിൽ നമുക്ക് ഒറ്റ ശബ്ദമേ പാടുള്ളൂ. അത് ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാകണം. ആ അറിവിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ നിർദേശങ്ങൾ പൂർണ്ണമായി അനുസരിക്കണം. ലോകാരോഗ്യ സംഘടന പോലുള്ള പ്രസ്ഥാനങ്ങൾ വളരെ കൃത്യമായി ഇടപെടുകയും ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ പ്രസ്ഥാനങ്ങളുമായി യോജിച്ചു തന്നെ നമ്മൾ നീങ്ങണം.

വാട്ട്സാപ്പിൽ കിട്ടുന്ന സകല മെസേജുകളും നമ്മൾ ഫോർവേഡ് ചെയ്ത് പ്രചരിപ്പിക്കരുത്. ഞാനുൾപ്പെടുന്ന പല ഗ്രൂപ്പുകളിലും ഇക്കാര്യം പറഞ്ഞു മടുത്തു. വലിയ വിദ്യാഭ്യാസമുള്ളവരും ഇത്തരം ചില അബദ്ധങ്ങൾ കാണിക്കുന്നുണ്ട്.

കേന്ദ്ര ഗവൺമെന്റിന് കൊറോണക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ഒരു ഡോക്ടർ കൂടിയാണെന്നത് കൂടുതൽ ആശയ്ക്ക് വക നൽകുന്നു.

ചില ഉത്തരേന്ത്യൻ നേതാക്കളോ മുഖ്യമന്ത്രിമാരോ ഒക്കെ കൊറോണയെപ്പറ്റി മണ്ടത്തരങ്ങൾ പറയുന്നതായി കാണുന്നുണ്ട്. കൊറോണയ്ക്ക് ഗോമൂത്ര ചികിത്സ വരെ അവർ ഉപദേശിക്കുന്നു. അത്തരക്കാരെ നമ്മൾ വിട്ടുകളയുക. അവരോട് തർക്കിച്ച് സമയം കളയാനില്ല. പശുവും തൊഴുത്തും ചാണകവുമെല്ലാം രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇന്നും സാധാരണ ഗ്രാമീണന്റെ നിത്യജീവതത്തിന്റെ ഭാഗമാണ്. അവരുടെ അന്നമാണത്. നമുക്കും അങ്ങനെയായിരുന്നു, അടുത്ത കാലം വരെ. ഉത്തരേന്ത്യയിൽ അതൊക്കെ ഇപ്പോഴും വോട്ടാണ്. അതുകൊണ്ടാണ് പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയക്കാർ ഈയവസ്ഥയിലും ചാണകവും ഗോമൂത്രവുമൊക്കെ വിഷയമാക്കുന്നത്. അല്ലാതെ മനുഷ്യരാശിയോടോ പശുവിനോടോ ഉള്ള സ്നേഹം കൊണ്ടോ കൊറോണയോടുള്ള വിരോധം കൊണ്ടോ അല്ല. പലർക്കും വിവരമില്ലാഞ്ഞിട്ടുമല്ല.

കേരളത്തിൽ നമ്മൾ രാഷ്ട്രീയമായി വിഘടിച്ചു നിൽക്കുന്നവരാണ്. അത് നമുക്കൊക്കെ സ്വന്തം അഭിപ്രായങ്ങൾ ഉള്ളതുകൊണ്ടാണ്. എന്നാൽ ഈ സമയത്തെ ചർച്ചകളിൽ രാഷ്ട്രീയം പൂർണമായും കൈവിടണം. കൊറോണയെപ്പറ്റി കൃത്യമായി അറിയുന്നത് ശാസ്ത്രത്തിനാണ്. കൊറോണ ചികിത്സിക്കാൻ ചാണകം മതിയെന്ന് ഏതെങ്കിലും കേന്ദ്രമന്ത്രിയോ മുഖ്യമന്തിയോ പറഞ്ഞാൽ അത് ഏറ്റു പറയാതിരിക്കാനെങ്കിലും നമ്മൾ ശ്രദ്ധിക്കണം.

ടെലിവിഷനുകളിലും ഫേസ്ബുക്കിലുമൊക്കെ കൊറോണക്കാര്യം ചർച്ച ചെയ്യുമ്പോൾ ശാസ്ത്രം മാത്രം പറയുക. പശുവിനെയും ചാണകത്തെയും നമ്മളെങ്കിലും തൽക്കാലം തൊഴുത്തിൽ മാത്രം നിർത്തുക. മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നമ്മുടെ പിന്തുണ നൽകുക.

ഏറ്റവും പുതിയതും ശാസ്ത്രീയവുമായ വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെ സൈറ്റിൽ ഉണ്ട്. ഗൂഗിളിൽ coronavirus, WHO എന്ന് ടൈപ്പ് ചെയ്താൽ എല്ലാം അറിയാം. വിവരങ്ങൾ നമ്മുടെ വിരൽ തുമ്പിൽ.

ഡോ: എസ്.എസ്. ലാൽ

Related Articles