ഫിഫ ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ്. കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് സ്‌ട്രൈക്കറായ തഹ്‌സിൻ ഇടംപിടിച്ചത്. ഏതെങ്കിലുമൊരു ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്ന ആദ്യ മലയാളിയാണ്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ താരമാണ് ഈ പത്തൊമ്പതുകാരൻ. അണ്ടർ 17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ്.
നേരത്തെ യുഎഇയെ തോൽപിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടുമ്പോൾ തഹ്‌സീൻ ടീമിലുണ്ടായിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ഖത്തറിലെ വിഖ്യാത ഫുട്‌ബോൾ പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയിലൂടെയാണ് താരം കളി പഠിച്ചത്.
സൂപ്പർ താരങ്ങളായ അക്രം അഫീഫ്, അൽമുയിസ് അലി, ഹസൻ അൽ ഹൈദോസ് തുടങ്ങിയ താരങ്ങളെല്ലാം ലൊപെറ്റഗ്വിയുടെ സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തറുള്ളത്. ജൂൺ 13ന് സ്വിറ്റ്‌സർലാൻഡിനെതിരെയാണ് ആദ്യ മത്സരം. 18ന് കനഡയെയും 24ന് ബോസ്‌നിയ ഹെർസഗോവിനയെയും നേരിടും. ഈ മാസം ആറിന് എൽ സാൽവദോറിനെതിരെ ഖത്തർ സന്നാഹ മത്സരം കളിക്കുന്നുണ്ട്.

