കുവൈറ്റ് സിറ്റി: തൊഴിൽ മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി, ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെയുള്ള ‘അബ്സെന്റിങ് റിപ്പോർട്ട്’ സമർപ്പിക്കുന്നതിന് പുതിയ ഓൺലൈൻ സംവിധാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആരംഭിച്ചു. അതോറിറ്റിയുടെ ‘അഷൽ’ ഇ-പോർട്ടൽ വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ, പരാതികൾ സമർപ്പിക്കുന്നതിനായി തൊഴിലുടമകൾക്ക് ഇനി ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് നേരിട്ട് സന്ദർശിക്കേണ്ടി വരില്ല. ഓഫീസിലിരുന്ന് തന്നെ പരാതികൾ രേഖപ്പെടുത്താനും അവയുടെ പ്രിന്റ് എടുക്കാനും പുതിയ സംവിധാനം വഴി സാധിക്കും.
തൊഴിലുടമ പരാതി സമർപ്പിച്ചാലുടൻ ‘അഷൽ’ ആപ്പ് വഴി ജീവനക്കാരന് ഇതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും. പരാതിയിൽ കഴമ്പില്ലെന്ന് തെളിയിക്കാനോ അല്ലെങ്കിൽ ജോലിയിൽ തുടരുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനോ ജീവനക്കാരന് 60 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്. ക്യു.ആർ കോഡ് സംവിധാനം വഴി ഡാറ്റയുടെ കൃത്യത ഉറപ്പാക്കാമെന്നതിനാൽ അതീവ സുരക്ഷിതമാണ് ഈ പുതിയ സേവനം.പോർട്ടലിൽ നിന്ന് പ്രിന്റ് എടുത്ത നോട്ടിഫിക്കേഷന് മൂന്ന് പ്രവൃത്തി ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഈ സമയപരിധിക്കുള്ളിൽ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് ഡയറക്ടറേറ്റിൽ ഇത് സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാങ്കേതിക വിദ്യക്കൊപ്പം തൊഴിൽ മേഖലയെ നവീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് മാൻപവർ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിന്റെ വിഷൻ 2035-ന്റെ ഭാഗമായി സംയോജിത ഡിജിറ്റൽ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.


