രാജ്യത്ത് ഡീസൽ, വ്യോമയാന ഇന്ധനം (എ.ടി.എഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള അപ്രതീക്ഷിത ലാഭനികുതി (വിൻഡ്ഫോൾ ടാക്സ്) കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അതേസമയം, പെട്രോൾ കയറ്റുമതിക്കുള്ള തീരുവയിൽ മാറ്റം വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് (ജൂൺ 16) മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഡീസൽ കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്സൈസ് തീരുവ (എസ്.എ.ഇ.ഡി) ലിറ്ററിന് 13.5 രൂപയിൽനിന്ന് 14 രൂപയായാണ് ഉയർത്തിയത്. വിമാന ഇന്ധനമായ എ.ടി.എഫിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 9.5 രൂപയിൽനിന്ന് 12.5 രൂപയായും വർധിപ്പിച്ചു. എന്നാൽ, പെട്രോൾ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 1.5 രൂപയായി തന്നെ തുടരും. ആഭ്യന്തര ഉപഭോഗത്തിനായി നൽകുന്ന പെട്രോളിൻ്റെയും ഡീസലിൻ്റെയും നിലവിലുള്ള നികുതി നിരക്കുകളിൽ മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ഇറാനെതിരായ യു.എസ്-ഇസ്രയേൽ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പുതിയ നടപടി. യുദ്ധസാഹചര്യത്തിൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ വിലയിലെ വ്യത്യാസം മുതലെടുത്ത് കയറ്റുമതിക്കാർ അനാവശ്യ നേട്ടം കൊയ്യുന്നത് തടയാനും, രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമാണ് അപ്രതീക്ഷിത നികുതിയിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയിൽ ഇന്ധനം വിൽക്കുന്നതിന് പകരം ഉയർന്ന ലാഭം പ്രതീക്ഷിച്ച് എണ്ണക്കമ്പനികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് തടയുക എന്നതാണ് വിൻഡ്ഫോൾ ടാക്സ് അഥവാ അപ്രതീക്ഷിത ലാഭനികുതിയുടെ പ്രധാന ലക്ഷ്യം. 2022 ജൂലൈയിലാണ് ഇന്ത്യയിൽ ആദ്യമായി ഈ നികുതി സമ്പ്രദായം അവതരിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ സ്വകാര്യ റിഫൈനറികൾക്കാണ് കയറ്റുമതി തീരുവയിലെ മാറ്റങ്ങൾ പ്രധാനമായും ബാധകമാകുക. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് കേന്ദ്ര സർക്കാർ നികുതി നിരക്കുകളിൽ മാറ്റം വരുത്തുന്നത്.
കഴിഞ്ഞ മാർച്ച് 26നാണ് ഡീസലിനും വിമാന ഇന്ധനത്തിനും സർക്കാർ ആദ്യമായി കയറ്റുമതി തീരുവ ചുമത്തിയത്. തുടർന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നിരക്ക് പരിഷ്കരിച്ചുവരികയാണ്. ഇതിനുപിന്നാലെ മെയ് 16ന് പെട്രോളിനും കയറ്റുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുന്നത്.

