കുവൈറ്റ് സിറ്റി: വാണിജ്യ മേഖലയിലെ ബിനാമി ഇടപാടുകളും വിവരങ്ങൾ മറച്ചുവെക്കലും തടയുന്നതിനായുള്ള കടുത്ത നിയമനടപടികൾ വിദേശികൾക്ക് മാത്രമല്ല, സ്വന്തം ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ ബിസിനസ് ലൈസൻസ് എടുത്ത് നടത്തുന്ന സ്വദേശി പൗരന്മാർക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യഥാർത്ഥ പങ്കാളിത്തമില്ലാതെ മാതാപിതാക്കൾ, ഭാര്യ, മറ്റ് അടുത്ത ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുടെ പേരിൽ ലൈസൻസുകൾ സമ്പാദിച്ച് ബിസിനസ് നടത്തുന്ന പ്രവണതയ്ക്കെതിരെയാണ് നിയമം കർശനമാകുന്നത്.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്വദേശികൾ, യഥാർത്ഥത്തിൽ പങ്കാളികളല്ലാത്ത ബന്ധുക്കളുടെ പേരിൽ വാണിജ്യ ലൈസൻസുകൾ എടുത്ത് ബിസിനസ് നടത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതും വരുന്ന ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്നതുമായ വാണിജ്യ ബിനാമി വിരുദ്ധ ഓർഡിനൻസ് പ്രകാരം ഇത്തരം പ്രവൃത്തികൾ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
അതേസമയം സാധാരണ വാണിജ്യ ലൈസൻസുകൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുകയും, കമ്പനിയിലെ യഥാർത്ഥ ഗുണഭോക്താവായി പേര് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നിടത്തോളം കാലം ഒരു സർക്കാർ ജീവനക്കാരന് പരമ്പരാഗത തദ്ദേശീയ കമ്പനികളിൽ പങ്കാളിയാകുന്നതിന് തടസ്സമില്ലെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു.സാമൂഹിക ഇൻഷുറൻസ് സ്ഥാപനത്തിന്റെ നിബന്ധനകൾക്ക് വിധേയമായി, കമ്പനിയുടെ മാനേജരായി പ്രവർത്തിക്കുന്നില്ലെങ്കിൽ പാർട്ണർഷിപ്പുകളിലോ ഏകാംഗ കമ്പനികളിലോ നൂറ് ശതമാനം ഉടമസ്ഥാവകാശത്തോടെ വാണിജ്യ ലൈസൻസ് സ്വന്തമാക്കാൻ ഒരു സർക്കാർ ജീവനക്കാരന് അവകാശമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.
ഫ്രീലാൻസ് ബിസിനസ് ലൈസൻസുകളിലും ഇൻഡിവിജ്വൽ ലൈസൻസുകളിലും മാത്രമാണ് സർക്കാർ ജീവനക്കാർക്ക് പൂർണ്ണ നിരോധനമുള്ളത്. ഈ രണ്ട് തരം ലൈസൻസുകളുടെയും സ്വഭാവമനുസരിച്ച് ലൈസൻസ് ഉടമ തന്നെ നിർബന്ധമായും കമ്പനിയുടെ മാനേജരായിരിക്കണം എന്നുള്ളതുകൊണ്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.



