മനുഷ്യനുമായി ചന്ദ്രനെ ചുറ്റി സഞ്ചരിക്കാൻ പദ്ധതിയിട്ടിരുന്ന ആർട്ടെമിസ് 2 ദൗത്യത്തിലെ പേടകത്തിന്റെ തത്സമയ ട്രാക്കിങിനായി സമർപ്പിത ഓൺലൈൻ ട്രാക്കിങ് ഉപകരണം വികസിപ്പിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ആർട്ടെമിസ് റിയൽ-ടൈം ഓർബിറ്റ് വെബ്സൈറ്റ് (AROW) എന്ന പേരിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. ഇതിന്റെ സഹായത്തോടെ, ഓറിയോൺ ബഹിരാകാശ പേടകത്തിൽ ചന്ദ്രന് ചുറ്റും സഞ്ചരിക്കുന്ന നാല് ബഹിരാകാശയാത്രികരെ തത്സമയം ട്രാക്ക് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും.നാസയുടെ വെബ്സൈറ്റിലോ (nasa.gov/trackartemis) നാസയുടെ മൊബൈൽ ആപ്പ് വഴിയോ AROW ലഭ്യമാകും. പത്ത് ദിവസം നീണ്ടുനിൽക്കുന്നതാണ് നാസയുടെ ആർട്ടെമിസ് 2 ദൗത്യം.
ഇന്റർനെറ്റ് കണക്ഷനും സ്മാർട്ട്ഫോണും ഉള്ള ആർക്കും ആർട്ടെമിസ് ദൗത്യത്തിനായി പോകുന്ന ഓറിയോണിന്റെ സ്ഥാനം, ഭൂമിയിൽ നിന്നും ചന്ദ്രനിൽ നിന്നുമുള്ള ദൂരം, 10 ദിവസത്തെ പറക്കലിലുടനീളം മൊത്തത്തിലുള്ള ദൗത്യ ദൈർഘ്യം എന്നിവ ട്രാക്ക് ചെയ്യാൻ AROW വഴി സാധിക്കും. ഓറിയോണിലെ സെൻസറുകൾ ശേഖരിച്ച ഡാറ്റ ഉപകരണം ദൃശ്യവൽക്കരിക്കുന്നു. ഇത് ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് റിലേ ചെയ്യുന്നു. വിക്ഷേപണത്തിന് ഏകദേശം ഒരു മിനിറ്റിനുശേഷം തത്സമയ ട്രാക്കിങ് ആരംഭിക്കും. ഇത് ദൗത്യത്തിന്റെ അവസാനം ഓറിയോൺ പോടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശനം ചെയ്യുന്നത് വരെ തുടരും.


