പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സർക്കാർ ഉറപ്പാക്കണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നുണ്ടായ ചികിത്സാപ്പിഴവിൽ അണുബാധ ഉണ്ടായതോടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു
അതേസമയം, കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തി മലയാളം പരീക്ഷ എഴുതിയിരുന്നു. ക്ലാസുകൾ കുറേ നഷ്ടപ്പെട്ടെങ്കിലും വാർഷികപരീക്ഷയ്ക്കു മുൻപ് സ്‌കൂളിലെത്താനും സഹപാഠികളെ കാണാനുമുള്ള ഒരുക്കത്തിലാണ് വിനോദിനി. നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒൻപതുകാരി.


