ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ 27 ഇന്ത്യൻ എണ്ണക്കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഒരു ഇന്ത്യൻ എണ്ണക്കപ്പലിന് മാത്രമാണ് നിലവിൽ സംഘർഷ മേഖല കടക്കാനായത്. ഇന്ത്യൻ പതാകയേന്തിയ ഒരു എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക കടന്ന് സുരക്ഷിത സ്ഥാനത്തെത്തിയെന്ന് ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
ഹോർമൂസ് കടലിടുക്കിലെ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായെന്നും ഒരാളെ കാണാതായെന്നും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ 700 ലധികം നാവികരാണ് 27 കപ്പലുകളിലായി സംഘർഷ മേഖലയിൽ തുടരുന്നത്. ഹോർമുസ് കടലിടുക്കിലും പരിസരത്തും പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെ മേൽനോട്ടം സർക്കാർ നിരന്തരം നടത്തുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കെ സിൻഹ പറഞ്ഞു. സംഘർഷത്തിൽ ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നത് കേന്ദ്രസർക്കാരിനും ഷിപ്പിംഗ് മന്ത്രാലയത്തിനും ആശങ്ക വർദ്ധപ്പിക്കുന്നുണ്ട്. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പതാകയുള്ള ഒരു വാണിജ്യ കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുവദിച്ചിട്ടില്ല. നിലവിൽ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് 24 കപ്പലുകളും കിഴക്ക് ഭാഗത്ത് നാല് കപ്പലുകളും നിരീക്ഷണത്തിലാണ്. ഈ കപ്പലുകളിലായി ആകെ 778 ഇന്ത്യൽ നാവികരുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

