ജനീവ: അയൽരാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രമേയം പാസാക്കി. ബുധനാഴ്ച ജനീവയിൽ ചേർന്ന മനുഷ്യാവകാശ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ചരിത്രപരമായ ഈ പ്രമേയം അംഗീകരിച്ചത്. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കെല്ലാം ഉടനടി പൂർണ്ണമായ നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗൾഫ് രാജ്യങ്ങളുടെയും ജോർദാൻറെയും പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് “മേഖലയിൽ ഇറാൻ നടത്തുന്ന അനാവശ്യ ആക്രമണങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തിൽ ഈ അടിയന്തര സമ്മേളനം വിളിച്ചുചേർത്തത്.
കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ബാധിക്കപ്പെട്ട രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി. സിവിലിയൻമാരെയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ നിലയങ്ങൾ, ജലശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങിയ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് മനുഷ്യാവകാശ കൗൺസിൽ മുന്നറിയിപ്പ് നൽകി.
