കുവൈത്ത് സിറ്റി: ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇറാൻ ആക്രമണത്തിനുശേഷം രാജ്യത്ത് വീണ മിസൈൽ അവശിഷ്ടങ്ങളും ഡ്രോൺ ഭാഗങ്ങളും നീക്കംചെയ്യാൻ 200-ലധികം റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സ്‌ഫോടകവസ്തു നിർവീര്യമാക്കൽ വിഭാഗം അറിയിച്ചു.
വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഫവാസ് അബ്ദുല്ല അൽ-സരീ പറഞ്ഞു: കഴിഞ്ഞ 26 ദിവസത്തിനിടെ സംയുക്ത ഓപ്പറേഷൻ റൂമിന് 500-ലധികം റിപ്പോർട്ടുകൾ ലഭിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമാണ് മിസൈൽ ശകലങ്ങളും അപകടകരമായ അവശിഷ്ടങ്ങളും കണ്ടെത്തിയത്.റിപ്പോർട്ട് ലഭിച്ചാൽ മിനിറ്റുകൾക്കകം സംഘം സ്ഥലത്തെത്തി റോബോട്ടുകളും പ്രത്യേക സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് അപകടകരമായ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. ഏകദേശം 40 കിലോ ഭാരമുള്ള പ്രത്യേക സുരക്ഷാ വസ്ത്രം ധരിച്ചാണ് വിദഗ്ധർ ഈ ദൗത്യം നടത്തുന്നത്.
ശകലങ്ങൾ കണ്ടെത്തിയാൽ അവയെ സ്പർശിക്കരുതെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചില അവശിഷ്ടങ്ങളിൽ വിഷാംശങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.1981ൽ ആരംഭിച്ച സ്‌ഫോടകവസ്തു നിർവീര്യമാക്കൽ വിഭാഗം 24 മണിക്കൂറും പ്രവർത്തിച്ച് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
