കുവൈത്ത്സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 15 ശത്രു ഡ്രോണുകൾ കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചില ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പതിച്ചതിനെ തുടർന്ന് റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അൽ-അത്‌വാൻ ശനിയാഴ്ച നടന്ന മാധ്യമ ബ്രിഫിംഗിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ കുവൈത്ത് സൈന്യത്തിലെ അഗ്നിശമന സംഘം ജനറൽ ഫയർ ഫോഴ്‌സിനെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉണ്ടായ അടിയന്തര സാഹചര്യങ്ങളിൽ “ഘൈത്” ടാസ്‌ക് ഫോഴ്‌സ് വിവിധ സഹായ ദൗത്യങ്ങളും നടത്തി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് ഉയർന്ന ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.ഇതിനിടെ സിവിൽ ഏവിയേഷൻ അതോറിറ്റിയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടന്നതായും, അതിൽ റഡാർ സംവിധാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായും സ്ഥിരീകരിച്ചു.
