സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികളുടെ പ്രചാരണം അവസാന ലാപ്പിൽ. ദേശീയ നേതാക്കളുടെ പര്യടനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും രംഗം ചൂടുപിടിപ്പിക്കുന്നു. പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.
കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അദ്ദേഹത്തിൻ്റെ പര്യടനം. കഴിഞ്ഞ ദിവസം തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് രാഹുൽ എന്ത് മറുപടി നൽകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇതിന് പുറമെ ഇടത് മുന്നണിക്കായി സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും മധ്യകേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് മുതൽ സജീവമാകും. അവസാനഘട്ടത്തിൽ, രാഷ്ട്രീയ ഡീൽ വിവാദങ്ങളും എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് പ്രചാരണ രംഗത്തുള്ളത്.
