കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കുകൾ 100 ശതമാനം ശേഷിയോടെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, എല്ലാ സാഹചര്യങ്ങളിലും ഉപഭോക്തൃ വിശ്വാസം നിലനിർത്തി മികച്ച സേവനം നൽകാൻ സാധിച്ച ബാങ്ക് ജീവനക്കാരുടെ പ്രൊഫഷണലിസവും പ്രതിബദ്ധതയും അസോസിയേഷൻ പ്രശംസിച്ചു.അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെ കുവൈത്തിൽ സ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കണ്ടെത്തുന്നതിനായി നയതന്ത്ര ശ്രമങ്ങളും തുടരുന്നുണ്ട്.
ഇതിനിടെ, രാജ്യത്തിന്റെ വ്യോമമേഖല സുരക്ഷിതവും ഭീഷണികളില്ലാത്തതുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ സുരക്ഷാ വിന്യാസവും ഉയർന്ന പ്രതിരോധ സജ്ജീകരണവും നിരന്തര ജാഗ്രതയും ഇതിന് കാരണമാണെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സാഹചര്യം സുരക്ഷാ-സൈനിക ഏജൻസികൾ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, വിവിധ സർക്കാർ സ്ഥാപനങ്ങൾ ഉയർന്ന സജ്ജീകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
