കുവൈത്ത് സിറ്റി: ഷുവൈഖ് വ്യാവസായിക മേഖലയിലെ വാഹന റിപ്പയറിംഗ് ഗാരേജുകൾ കേന്ദ്രീകരിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ഒസാമ അൽ ബുദൈയുടെ നിർദ്ദേശപ്രകാരം നടന്ന മിന്നൽ പരിശോധനയിൽ 46 ഗാരേജുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.
വാണിജ്യ നിയന്ത്രണ – ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിൽ, നിർബന്ധിത വാറന്റി ഷെഡ്യൂളുകൾ പ്രദർശിപ്പിക്കാതിരിക്കുക, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഗാരേജുകളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തിയത്.
പരിശോധനയ്ക്കിടെ, നിയമവിരുദ്ധമായി പഴയ ടയറുകൾ വിൽപനയ്ക്ക് വെച്ചിരുന്ന ഒരു വെയർഹൗസ് അധികൃതർ ഉടനടി അടപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വാണിജ്യ മേഖലകളിൽ കൃത്യമായ നിയമപാലനം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
