കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിയമപരമായ ചട്ടക്കൂടുകൾ പാലിക്കുന്നതിലൂടെ മാത്രമേ കമ്പനികളുടെ സുസ്ഥിരമായ പ്രവർത്തനവും വിപണിയിലെ സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കൂ എന്ന് അതോറിറ്റി വ്യക്തമാക്കി.തൊഴിലാളികളുടെ ശമ്പളം ഓരോ മാസവും ഔദ്യോഗികമായി അംഗീകരിച്ച ബാങ്ക് ചാനലുകൾ വഴി മാത്രമേ കൈമാറാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു. ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റം’ വഴി ശമ്പള വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ ഓഡിറ്റിംഗും നിരീക്ഷണവും ശക്തമാക്കും.
ശമ്പള വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇത് അനിവാര്യമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ശമ്പളം കൃത്യസമയത്ത് നൽകാത്ത കമ്പനികൾക്കെതിരെ കർശനമായ ഭരണപരമായ നടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ ഓട്ടോമാറ്റിക്കായി മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. പിഴകളും മറ്റ് നിയമനടപടികളും ഒഴിവാക്കുന്നതിനായി ബിസിനസ് ഉടമകൾ നിലവിലുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
