കുവൈറ്റ് സിറ്റി: വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ തൈമ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ലഹരി മരുന്നിന് പണം കണ്ടെത്തുന്നതിനായി ഇവർ നടത്തിയ ആസൂത്രിതമായ കുറ്റകൃത്യങ്ങൾ ഇതോടെ വെളിച്ചത്തായി. പിടിയിലായവരിൽ രണ്ട് പേർ മുൻപ് ഉയർന്ന പ്രൊഫഷണൽ തസ്തികകളിൽ ജോലി ചെയ്തിരുന്നവരും ഒരാൾ സർക്കാർ മന്ത്രാലയത്തിലെ മുൻ ജീവനക്കാരനുമാണെന്നത് നടുക്കമുണ്ടാക്കുന്ന വിവരമാണ്.അംഘാര സ്‌ക്രാപ്പ് യാർഡിൽ നടന്ന സംഭവമാണ് സംഘത്തെ കുടുക്കാൻ പ്രധാന കാരണമായത്. സ്വദേശി വേഷധാരികളായ മൂന്ന് പേർ വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരെന്ന വ്യാജേന തൊഴിലാളികളെ സമീപിക്കുകയായിരുന്നു. മോഷ്ടിച്ച വാഹനഭാഗങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനെന്ന വ്യാജേന തൊഴിലാളികളെ മാറ്റിനിർത്തുകയും, പരിശോധനയ്ക്ക് ശേഷം ഇവർ മടങ്ങിയപ്പോൾ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ നഷ്ടപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടു.
തൈമ പോലീസ് സ്റ്റേഷനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ഇരകളായ തൊഴിലാളികൾ പ്രതികളെ തിരിച്ചറിഞ്ഞു. പിടിയിലായ പ്രതികൾ തങ്ങളുടെ കുറ്റസമ്മതം നടത്തിയതായും ലഹരി ഉപയോഗത്തിനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് വെളിപ്പെടുത്തിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇതോടെ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സമാനമായ കേസുകൾക്ക് തുമ്പുണ്ടായിരിക്കുകയാണ്.
