കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വരുന്ന ഞായറാഴ്ച മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ഏവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രാൻസ്‌പോർട്ട് വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ രാജി അറിയിച്ചു.
ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടൻ, ഫിലിപ്പീൻസ്, തുർക്കി, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ലെബനൻ, ബംഗ്ലാദേശ്, ജോർദാൻ, ചൈന, പാകിസ്ഥാൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ടെർമിനലുകളായ ടി4, ടി5 എന്നിവ വഴിയായിരിക്കും വിമാനങ്ങൾ പുറപ്പെടുക. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതര രാജ്യങ്ങളിലെ വിമാനത്താവളങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും സർവീസുകൾ നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം 20 വീതം വിമാനങ്ങൾ എത്തിച്ചേരുകയും അത്രതന്നെ വിമാനങ്ങൾ പുറപ്പെടുകയും ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ഒരു പരീക്ഷണ ഘട്ടമായാണ് ആദ്യ ഘട്ടത്തെ അതോറിറ്റി കാണുന്നത്. ഇതിൽ ലഭിക്കുന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിൽ കൂടുതൽ വിദേശ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കും. ആദ്യഘട്ടം വിജയകരമാകുന്നതോടെ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനോ ആണ് വ്യോമയാന വകുപ്പിന്റെ തീരുമാനം.
