കുവൈറ്റ് സിറ്റി: വ്യോമപാതകൾ വീണ്ടും തുറന്നതിന് പിന്നാലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പഴയപടിയാക്കാൻ കുവൈറ്റ് എയർവേയ്‌സ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ ടെർമിനൽ 4-ൽ നിന്നും 35 വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ ശനിയാഴ്ച അറിയിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി എന്നിവയുൾപ്പെടെ 13 പ്രധാന നഗരങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബെറൂട്ട്, റിയാദ്, ലണ്ടൻ, ഇസ്താംബുൾ, ധാക്ക, കൊളംബോ, മനില, കെയ്‌റോ, ജിദ്ദ എന്നിവയാണ് പട്ടികയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളെന്ന് ആക്ടിംഗ് സിഇഒ അബ്ദുൾ വഹാബ് അൽ ഷാത്തി വ്യക്തമാക്കി.മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങൾ സർവീസ് ആരംഭിക്കും.
കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസവും തിരുവനന്തപുരത്തേക്ക് തിങ്കൾ, വെള്ളി ദിവസങ്ങളിലുമാണ് വിമാനങ്ങൾ ഉണ്ടാവുക. മറ്റ് പ്രധാന നഗരങ്ങളായ കെയ്‌റോയിലേക്ക് ഞായറാഴ്ച മുതൽ പ്രതിദിന സർവീസുകൾ നടക്കും. ഏപ്രിൽ 27 മുതൽ ബെറൂട്ടിലേക്ക് ആഴ്ചയിൽ രണ്ട് ദിവസവും ഏപ്രിൽ 28 മുതൽ റിയാദിലേക്ക് രണ്ട് ദിവസവും വിമാനങ്ങൾ പറക്കും. ജിദ്ദയിലേക്ക് ആഴ്ചയിൽ നാല് ദിവസവും ലണ്ടനിലേക്ക് മൂന്ന് ദിവസവും സർവീസുകൾ ഉണ്ടാകുമെന്ന് എയർവേയ്‌സ് അറിയിച്ചു.ഏപ്രിൽ 29 മുതൽ ഇസ്താംബൂളിലേക്കും ഏപ്രിൽ 28 മുതൽ ഡൽഹിയിലേക്കും സർവീസുകൾ ആരംഭിക്കും. മനിലയിലേക്ക് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും ധാക്കയിലേക്ക് ആഴ്ചയിൽ നാല് ദിവസവുമാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൊളംബോയിലേക്ക് തിങ്കളാഴ്ചകളിൽ ഒരു സർവീസും മുംബൈയിലേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ട് സർവീസുകളും ഉണ്ടാകും. നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം യാത്രക്കാർ 4 മണിക്കൂർ മുൻപേ വീമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദ്ദേശമുണ്ട്.
