കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ സജ്ജീകരണങ്ങൾ കർശനമാക്കി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ-വുഹൈബ് ശനിയാഴ്ച വിമാനത്താവളത്തിൽ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കുന്നതിനായി നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനം.
രാജ്യത്തിന്റെ വ്യോമ അതിർത്തികളിൽ സുരക്ഷാ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ യാത്രക്കാർക്ക് യാതൊരുവിധ തടസ്സവുമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കണമെന്ന് മേജർ ജനറൽ അൽ-വുഹൈബ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വേഗത്തിലുള്ള സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.വിമാനത്താവളത്തിലെ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾ, ഇമിഗ്രേഷൻ വിഭാഗം, സെക്യൂരിറ്റി ഇൻസ്പെക്ഷൻ പോയിന്റുകൾ എന്നിവ അദ്ദേഹം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. വിമാന സർവീസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സപ്പോർട്ടിംഗ് സെക്യൂരിറ്റി സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി മെസ്ഫർ അൽ-അദ്വാനിയും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
