കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര-വ്യവസായ മന്ത്രാലയം വിപണികളിൽ പരിശോധന ശക്തമാക്കി. പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തുകയും മൂന്ന് മുന്നറിയിപ്പുകൾ നൽകുകയും ഒരു വ്യാപാരസ്ഥാപനം അടയ്ക്കുകയും ചെയ്തു.ഉപഭോക്തൃ സംരക്ഷണവും നിയമാനുസൃത പ്രവർത്തനവും ഉറപ്പാക്കുന്നതിനായി വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വിഭാഗം വിപുലമായ പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
മുബാരകിയ മാർക്കറ്റിൽ കറൻസി എക്സ്ചേഞ്ച്, പെർഫ്യൂം, റെഡിമേഡ് വസ്ത്രക്കടകൾ എന്നിവ പരിശോധിച്ചപ്പോൾ 42 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ ഓഫറുകൾ നടത്തൽ, ഉൽപ്പന്നങ്ങളുടെ ഉത്ഭവരാജ്യം വ്യക്തമാക്കാത്തത് എന്നിവയാണ് പ്രധാനമായ കുറ്റങ്ങൾ.ഫർവാനിയ ഗവർണറേറ്റിലെ പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തി. അറിയപ്പെടാത്ത ഉറവിടത്തിലുള്ള സാധനങ്ങൾ വിൽക്കൽ, നിരോധിത വസ്തുക്കൾ (ടൊബാക്കോ ഗം തുടങ്ങിയവ) വ്യാപാരം, സേവനങ്ങൾ പരസ്യം ചെയ്ത് നൽകാതിരിക്കുക, ചില ഫാർമസികൾ കാഷ് ഇടപാട് നിയമങ്ങൾ പാലിക്കാത്തത് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.
ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വ്യാപാരം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കും, എനർജി ഡ്രിങ്ക് വിൽപ്പന നിയമങ്ങൾ ലംഘിച്ച ഒരു ഗ്രോസറി കടക്കും മുന്നറിയിപ്പ് നൽകി.ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനം അടച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ നിയമാനുസൃതത പാലിക്കാനുമായി പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
