കുവൈറ്റ് സിറ്റി: ജഹ്റ ഗവർണറേറ്റിലെ കശാപ്പുശാലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 4.750 കിലോ ഗ്രാം കോഴി കരൾ പിടിച്ചെടുത്തു നശിപ്പിച്ചു. അതോറിറ്റിയുടെ പോൾട്രി സ്ലോട്ടർ ഹൗസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത കരളിന്റെ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം വന്നതായും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവ സംഭവസ്ഥലത്ത് വെച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി അഹമ്മദി, ജഹ്റ ഗവർണറേറ്റുകളിലെ കശാപ്പുശാലകളിൽ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
