കുവൈറ്റ് സിറ്റി: രാജ്യത്തെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ചു നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും ചട്ടലംഘനങ്ങളും തടയുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയും മറ്റ് സർക്കാർ ഏജൻസികളും പരിശോധനകൾ ശക്തമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്ന മോശം പ്രവണതകളും പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളും കുറച്ചുകൊണ്ടുവരുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. പരിശോധനാ ക്യാമ്പയിനുകളിൽ പ്രധാനമായും എട്ട് തരത്തിലുള്ള നിയമലംഘനങ്ങളാണ് ശ്രദ്ധയിൽപെടാറുള്ളതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ മുഹമ്മദ് മർസൂഖ് അൽ മുതൈരി വെളിപ്പെടുത്തി.
സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുക, മുനിസിപ്പാലിറ്റി അംഗീകരിച്ച പ്രവൃത്തിസമയവും ഷെഡ്യൂളുകളും പാലിക്കാതിരിക്കുക, സ്ഥാപനത്തിന്റെയോ ജീവനക്കാരുടെയോ ഫർണിച്ചറുകളുടെയോ ശുചിത്വത്തിൽ വീഴ്ച വരുത്തുക എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്ന ലംഘനങ്ങൾ. കൂടാതെ, അനുവദനീയമായ യൂണിഫോം ധരിക്കാതിരിക്കുക, വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം മാറ്റിവച്ചിട്ടുള്ള സ്ഥാപനങ്ങൾക്കുള്ളിൽ താമസിക്കുകയോ ഉറങ്ങുകയോ ചെയ്യുക, പൊതു ക്രമത്തിനോ ധാർമ്മികതയ്ക്കോ വിരുദ്ധമായ കാര്യങ്ങൾക്കായി സ്ഥാപനം ഉപയോഗപ്പെടുത്തുക എന്നിവയും ഗൗരവകരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്.
പകർച്ചവ്യാധികളുള്ള ജീവനക്കാരെ ജോലിക്ക് വെക്കുന്നതും പുരുഷന്മാർക്കായി നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ സ്ത്രീകളെയും സ്ത്രീകൾക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ പുരുഷന്മാരെയും ജോലിക്കെടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
