കുവൈത്ത്സിറ്റി: മയക്കുമരുന്നിനും ലഹരിവസ്തുക്കൾക്കും എതിരെയുള്ള പുതിയ നിയമം നടപ്പിലാക്കിയതോടെ രാജ്യത്ത് ഇത്തരം കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ യൂസഫ് അൽ സുമൈത് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യ നാല് മാസങ്ങളിൽ, മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മയക്കുമരുന്ന് കടത്ത് കേസുകളിൽ 44 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം സ്ഥിരീകരിച്ചു. പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നീതിന്യായ മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ സമയത്ത് 255 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇത്തവണ അത് 144 ആയി കുറഞ്ഞു. ആകെ 111 കേസുകളുടെ കുറവാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി വിപത്തിനെ നേരിടാൻ കൊണ്ടുവന്ന നിയമപരമായ കർക്കശത പ്രായോഗിക തലത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
നിയമം കടുപ്പിച്ചതിനൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയം പുലർത്തുന്ന അതീവ ജാഗ്രതയും ലഹരി വിരുദ്ധ പോരാട്ടത്തിൽ നടത്തുന്ന ഫീൽഡ് പ്രവർത്തനങ്ങളും വലിയ വിജയമാണ് കൈവരിക്കുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനും ലഹരി കടത്ത് തടയുന്നതിനും സുരക്ഷാ സേന നടത്തുന്ന ശക്തമായ ഇടപെടലുകൾ ഈ വലിയ മാറ്റത്തിന് കാരണമായതായി മന്ത്രി അൽ സുമൈത് പ്രശംസിച്ചു. രാജ്യത്തെ നിയമവാഴ്ചയുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെ മയക്കുമരുന്ന് ഭീഷണി വലിയ തോതിൽ നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
