കുവൈറ്റ് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയെയും ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തുവിട്ടു. അതോറിറ്റിയുടെ രേഖകൾ പ്രകാരം, 33,615 തൊഴിലന്വേഷകരാണ് ആറ് മാസത്തിലേറെയായി ജോലിയില്ലാതെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഇവർ എവിടെയും ജോലി ചെയ്യുന്നില്ലെന്നും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ലെന്നും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ വലിയൊരു വിഭാഗം തൊഴിൽ കാത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിൽ 31 പേർ ഡോക്ടറേറ്റ് ബിരുദധാരികളും 565 പേർ മാസ്റ്റർ ബിരുദം നേടിയവരുമാണ്. കൂടാതെ 18,629 യൂണിവേഴ്സിറ്റി ബിരുദധാരികളും 6,952 ഡിപ്ലോമ ഹോൾഡർമാരും ഈ പട്ടികയിലുണ്ട്. ഇവരെക്കൂടാതെ ഹൈസ്കൂൾ തത്തുല്യമായ വിവിധ യോഗ്യതകളുള്ളവരും ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് ഉള്ളവരും തൊഴിലിനായി കാത്തിരിക്കുന്നു.
വിവിധ തൊഴിൽ നൈപുണ്യ കോഴ്സുകൾ പൂർത്തിയാക്കിയവരും വൊക്കേഷണൽ ക്വാളിഫിക്കേഷൻ ഉള്ളവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മാൻപവർ അതോറിറ്റി ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിനായി ഈ സ്ഥിതിവിവരക്കണക്കുകൾ പ്രയോജനപ്പെടുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട വകുപ്പുകൾ.
