കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സമുദ്രാർത്തി വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച നാല് നുഴഞ്ഞുകയറ്റക്കാരെ സായുധ സേന പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുവൈറ്റ് സമുദ്രമേഖലയിൽ സംശയാസ്പദമായ രീതിയിൽ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇടപെട്ട സുരക്ഷാ സേന ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ ഉതൈബിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. പിടിയിലായവർ മതിയായ യാത്രാരേഖകളില്ലാതെ കടൽമാർഗ്ഗം കുവൈറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന വിവരം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിലും സമുദ്ര സുരക്ഷാ ഭീഷണികൾ നേരിടുന്നതിലും കുവൈറ്റ് സായുധ സേന അതീവ ജാഗ്രതയിലാണെന്ന് അൽ ഉതൈബി വ്യക്തമാക്കി. സംഘർഷഭരിതമായ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സുരക്ഷാ വിഷയങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
