കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വൻ പൗരത്വ തട്ടിപ്പ് കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി. 1993 മുതൽ 2025 വരെയുള്ള കാലയളവിൽ വ്യാജരേഖയുണ്ടാക്കി കുവൈത്ത് പൗരത്വം കൈക്കലാക്കിയ സൗദി പൗരനെയാണ് കോടതി ഏഴ് വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ജഡ്ജി അൽ ദുവൈഹി അൽ-ദുവൈഹിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഏഴ് വർഷത്തെ തടവിന് പുറമെ മൂന്ന് ലക്ഷത്തി പതിനാറായിരം കുവൈത്ത് ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.
മുപ്പത്തയ്യായിരം ദിനാർ നൽകി മറ്റൊരാളുടെ മകനാണെന്ന് അവകാശപ്പെട്ടാണ് പ്രതി വ്യാജ പൗരത്വം കരസ്ഥമാക്കിയത്. എന്നാൽ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ പ്രതിയുടെ ബയോമെട്രിക് വിരലടയാളം സൗദി തിരിച്ചറിയൽ കാർഡിലെ ചിത്രവുമായി പൊരുത്തപ്പെടുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി തുടർന്നുവന്ന ചതി വെളിച്ചത്തായത്. കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ പിതാവിനും കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.വ്യാജ പൗരത്വം ഉപയോഗിച്ച് പ്രതി കുവൈത്ത് സർക്കാരിനെ വഞ്ചിച്ച് രണ്ട് ഔദ്യോഗിക പദവികൾ നേടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
ഒരേസമയം പ്രതിരോധ മന്ത്രാലയത്തിൽ കോർപ്പറലായും ആഭ്യന്തര മന്ത്രാലയത്തിൽ പോലീസ് ഓഫീസറായും ഇയാൾ സേവനമനുഷ്ഠിച്ചിരുന്നു. ഇതുവഴി ശമ്പളം, പെൻഷൻ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം ഒരു ലക്ഷത്തി അയ്യായിരം ദിനാറിലധികം തുക ഇയാൾ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കോടതി കണ്ടെത്തി. രാജ്യത്തിന്റെ സുരക്ഷയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന കർശന നിലപാടിലാണ് കുവൈത്ത് നീതിന്യായ പീഠം.
