കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം വിപുലമായ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ കരാറുകൾക്ക് കീഴിൽ മെയ് 2 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന തീവ്രമായ ഫീൽഡ് വർക്കുകളാണ് വിവിധ ഗവർണറേറ്റുകളിലായി നടക്കുന്നത്. ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.അൽ-അബ്ദാലി റോഡ്, അൽ-സുബിയ റോഡ്, മാഗ്രിബ് റോഡും നാലാം റിംഗ് റോഡും ചേരുന്ന ജംഗ്ഷൻ, ഡമാസ്കസ് സ്ട്രീറ്റ് മുതൽ നാലാം റിംഗ് റോഡ് വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുന്നത്. കൂടാതെ മിഷ്റഫ്, സൽവ ഭാഗങ്ങളിലെ അൽ-ഫഹാഹീൽ റോഡ്, കുവൈത്ത് സിറ്റിയിലേക്കുള്ള അൽ-സൽമി റോഡ്, ഏഴാം റിംഗ് റോഡിലെ 24 മുതൽ 27 കിലോമീറ്റർ വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇരുദിശകളിലേക്കും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ ഷാനിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് പ്രോജക്ട് മാനേജർ എൻജിനീയർ അബ്ദുള്ള അൽ നഖി വ്യക്തമാക്കി. ഏകദേശം 160-ഓളം വാഹനങ്ങളുടെ സഹായത്തോടെ അഞ്ചാം റിംഗ് റോഡ് മുതൽ നാലാം റിംഗ് റോഡ് വരെയുള്ള ഭാഗങ്ങളിൽ അറ്റകുറ്റപണികൾ ഫീൽഡ് ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നായ ഇവിടെ അതിവേഗത്തിൽ പണികൾ പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഈ നവീകരണ പദ്ധതിയുടെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.
