കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധയിടങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടർ അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ച സംഘങ്ങളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ആദ്യ കേസിൽ, ഒരു ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പട്രോളിംഗ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഇവരുടെ പക്കൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച കട്ടിംഗ് ടൂളുകളും വലിയ അളവിൽ ഇലക്ട്രിക്കൽ കേബിളുകളും കണ്ടെടുത്തു. രണ്ടാമത്തെ കേസിൽ, ഒരു അസ്ഫാൽറ്റ് പ്ലാന്റിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ പ്രതിയെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം മൂന്ന് അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒരു മാസത്തെ തടവ് ശിക്ഷ ലഭിച്ച പിടികിട്ടാപ്പുള്ളിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികളെയും മോഷ്ടിച്ച സാധനങ്ങളും വാഹനവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെയും നിയമലംഘകർക്കെതിരെയും സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
