കുവൈറ്റ് സിറ്റി: കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും മുൻഭർത്താവുമായുള്ള തർക്കങ്ങളിൽ അവരെ ആയുധമായി ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ സ്വദേശി വനിതയ്ക്ക് കുവൈറ്റ് കോടതി കനത്ത പിഴ ശിക്ഷ വിധിച്ചു. മിസ്ഡിമീനർ കോടതിയുടെ ഡൊമസ്റ്റിക് വയലൻസ് വിഭാഗമാണ് യുവതിക്ക് 2000 കുവൈറ്റ് ദിനാർ പിഴ ചുമത്തിയത്. തന്റെ മുൻഭർത്താവിന് കുട്ടികളുടെ സംരക്ഷണാവകാശം (കസ്റ്റഡി) നിഷേധിക്കുന്നതിനായി കുട്ടികളെ കരുവാക്കി മാനസിക സമ്മർദ്ദം ചെലുത്തിയെന്ന കുറ്റത്തിനാണ് ഈ ശിക്ഷ.
പിതാവ് കുട്ടികളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് യുവതി നിരന്തരമായി പരാതികൾ നൽകിയിരുന്നു. എന്നാൽ ഇത്തരം വ്യാജ പരാതികളും കുടുംബതർക്കങ്ങളും കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നതായും അവരെ കടുത്ത മാനസിക പീഡനത്തിലേക്ക് നയിക്കുന്നതായും കോടതി നിരീക്ഷിച്ചു. പിതാവിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ അബ്ദുൽ മൊഹ്‌സൻ അൽ-ഖത്താൻ, തന്റെ കക്ഷിക്കും കുട്ടികൾക്കും ഉണ്ടായ മാനസികവും ധാർമ്മികവുമായ ആഘാതങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നിയമനടപടികൾ ശക്തമായത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് നൽകിയ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. പിതാവ് കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, അമ്മയുടെ പെരുമാറ്റം മൂലം കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കാര്യങ്ങൾ അതിശയോക്തിയോടെ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും കോടതി കണ്ടെത്തി. കുട്ടികൾക്ക് ഉണ്ടായ ആഘാതത്തിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച സിവിൽ കേസ് കോടതി മറ്റൊരു ബെഞ്ചിന് വിട്ടു. മാതാപിതാക്കളുടെ തർക്കങ്ങളിൽ കുട്ടികളെ കരുവാക്കുന്നവർക്ക് ഈ വിധി വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.
