കുവൈത്ത്സിറ്റി: കുവൈറ്റിലെ പൗരത്വ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ പതിറ്റാണ്ടുകൾ നീണ്ട അമ്പരപ്പിക്കുന്ന ഒരു ആൾമാറാട്ട തട്ടിപ്പ് പുറത്തുവന്നു. 1977-ൽ അന്തരിച്ച ഒരു കുവൈറ്റ് പൗരന്റെ പേരും വിലാസവും ഉപയോഗിച്ച് മറ്റൊരു വ്യക്തി കഴിഞ്ഞ 49 വർഷമായി രാജ്യത്ത് ജീവിച്ചു വരികയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് അധികൃതർ പുറത്തുവിട്ടത്. 1980-കളിൽ സിവിൽ ഐഡി കാർഡും സിവിൽ നമ്പറും നിലവിൽ വരുന്നതിന് മുൻപുള്ള പഴുതുകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്.1947-ൽ ജനിച്ച യഥാർത്ഥ കുവൈറ്റ് പൗരൻ തന്റെ പതിനെട്ടാം വയസ്സിൽ പ്രതിരോധ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ 1977-ൽ ഇദ്ദേഹം മരണപ്പെട്ടു. ആ സമയത്ത് കുടുംബം ഔദ്യോഗികമായ അടക്കം ചെയ്യൽ അനുമതി വാങ്ങുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ അക്കാലത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഏകീകൃത ഇലക്ട്രോണിക് സംവിധാനങ്ങളോ സിവിൽ ഐഡി നമ്പറുകളോ നിലവിലില്ലായിരുന്നു. ഔദ്യോഗിക രേഖകൾ തമ്മിൽ പരസ്പര ബന്ധമില്ലാതിരുന്ന ഈ സാഹചര്യം മുതലെടുത്താണ് പ്രതി മരിച്ച ആളെ വീണ്ടും ‘ജീവിപ്പിച്ചത്’.
മരിച്ച പൗരന്റെ ഐഡന്റിറ്റി സ്വന്തമാക്കിയ പ്രതി, ഇത്രയും കാലം സർക്കാർ ആനുകൂല്യങ്ങളും മറ്റ് ഔദ്യോഗിക സൗകര്യങ്ങളും യഥാർത്ഥ പൗരനെന്ന നിലയിൽ കൈപ്പറ്റി വരികയായിരുന്നു. സിവിൽ ഡാറ്റാ സിസ്റ്റത്തിലെ പഴയ പഴുതുകൾ ഉപയോഗിച്ച് നടത്തിയ ഈ ആസൂത്രിത നീക്കം ഡിജിറ്റൽ പരിശോധനകൾ ശക്തമാക്കിയതോടെയാണ് വെളിച്ചത്തായത്. രാജ്യത്തെ പൗരത്വ രേഖകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പ് പിടിക്കപ്പെട്ടത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അധികൃതർ പരിശോധിച്ച് വരികയാണ്.
