കുവൈറ്റ് സിറ്റി: പൊതുമുതൽ ദുരുപയോഗം ചെയ്തതിനും രേഖകളിൽ തിരിമറി നടത്തിയതിനും ശിക്ഷിക്കപ്പെട്ട് രാജ്യം വിട്ട പ്രതിയെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സുരക്ഷാ അധികൃതരുടെ സഹായത്തോടെ പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റും യുഎഇയും തമ്മിലുള്ള സംയുക്ത സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഫലമായാണ് നിർണ്ണായകമായ ഈ അറസ്റ്റ് നടന്നത്.ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിനും സർക്കാർ ഫണ്ട് തട്ടിയെടുത്തതിനും ഏഴ് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് പിടിയിലായത്. കുവൈറ്റ് ഇന്റർപോൾ (ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറബ് ആൻഡ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ്) യുഎഇ അധികൃതരുമായി നടത്തിയ നിരന്തരമായ ആശയവിനിമയത്തിനൊടുവിൽ ദുബായിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2012 നും 2018 നും ഇടയിലുള്ള കാലയളവിൽ ഒരു സഹകരണ സംഘത്തിൽ ജനറൽ ഡെലിഗേറ്റായും നിയമോപദേശകനായും സേവനമനുഷ്ഠിക്കവെയാണ് ഇയാൾ ക്രമക്കേടുകൾ നടത്തിയത്. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പേരിലുള്ള പരസ്യ പെർമിറ്റുകളിൽ കൃത്രിമം കാണിച്ചും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുമാണ് പ്രതി പണം തട്ടിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രതിയെ കുവൈറ്റിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
