കുവൈറ്റ് സിറ്റി: കുവൈറ്റ് നീതിന്യായ വ്യവസ്ഥയുടെ കരുത്തുറ്റ വിഭാഗമായ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെർട്ട്സിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത്. 2026 ഓഗസ്റ്റ് ഒന്നു മുതൽ ഈ വകുപ്പിൽ സമ്പൂർണ്ണ കുവൈറ്റൈസേഷൻ നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, ലീഗൽ റിസർച്ച് തുടങ്ങിയ സാങ്കേതിക തസ്തികകളിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശി ജീവനക്കാരെയും പിരിച്ചുവിടും.
നീതിന്യായ വ്യവസ്ഥയെ സഹായിക്കുന്ന സാങ്കേതിക വിഭാഗങ്ങളിൽ സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഗുണനിലവാരവും വിശ്വാസ്യതയും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തോടെ സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും കോടതികളെ സഹായിക്കുന്നതും പൂർണ്ണമായും കുവൈറ്റ് വിദഗ്ധർ മാത്രമായിരിക്കും. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജീവനക്കാർക്ക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് സംവിധാനവും ഏർപ്പെടുത്തും.
പൊതുജനങ്ങൾക്കും അഭിഭാഷകർക്കും തങ്ങളുടെ പരാതികളും നിരീക്ഷണങ്ങളും നേരിട്ട് അറിയിക്കുന്നതിനായി ഓരോ ആഴ്ചയും പ്രത്യേക സന്ദർശന ദിനങ്ങൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. വരും ഘട്ടങ്ങളിൽ വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി തൊഴിൽ വിന്യാസത്തിൽ മാറ്റങ്ങൾ വരുത്താനും പദ്ധതിയുണ്ട്. കുവൈറ്റിലെ നീതിന്യായ സംവിധാനത്തെ ആധുനികവൽക്കരിക്കുന്നതിൽ ഈ നീക്കം നിർണ്ണായക നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
