സാംസങിന്‍റെ എസ് 25 അൾട്ര ഉൾപ്പെടെയുള്ള ഫ്ലാഗ്‌ഷിപ്പ് ഫോണുകൾ വാങ്ങാൻ ആഗ്രഹിച്ചിട്ടും വില കയ്യിലൊതുങ്ങാത്തതിനാൽ മോഹം ഉപേക്ഷിച്ച ചിലരെങ്കിലും ഉണ്ടാകും. ഇത്തരക്കാരെ കൂടെ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സാംസങ് ഇപ്പോൾ. ഇതിനായി ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ സർട്ടിഫൈഡ് റീ-ന്യൂവ്ഡ് പ്രോഗ്രാം (Certified Re-Newed programme) പ്രഖ്യാപിച്ചു.
ഫ്ലാഗ്ഷിപ്പ്, മിഡ്-റേഞ്ച് മോഡലുകൾ ഉൾപ്പെടെയുള്ള പഴയ ഗാലക്‌സി ഫോണുകൾ പുതുക്കി വിൽക്കാനാണ് ഈ പ്രോഗ്രാമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതായത് സെക്കൻഡ്-ഹാൻഡ് ഫോണുകൾ നവീകരിച്ച് കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളുടെ കയ്യിലെത്തിക്കും. വാങ്ങുന്ന ഫോണുകൾക്ക് ഒരു വർഷത്തെ വാറന്‍റി ലഭിക്കുമെന്നതാണ് ഇതിലെ ഹൈലൈറ്റ്.
പുതിയ സാംസങ് ഫോണുകൾക്ക് സാധാരണ ലഭിക്കുന്ന അതേ വാറന്‍റി കാലാവധി തന്നെയാണ് റീ-ന്യൂവ്ഡ് പ്രോഗ്രാമിലൂടെ വിൽക്കുന്ന ഫോണുകൾക്കും ലഭിക്കുക. വിശ്വാസ്യത, സുരക്ഷ, ഉപയോക്തൃ അനുഭവം എന്നിവയെല്ലാം ഈ ഫോണുകളിലൂടെയും ഉപഭോക്താക്കൾക്ക് നൽകുമെന്ന് കമ്പനി ഉറപ്പുവരുത്തുന്നു.
ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 അൾട്രാ, ഗാലക്‌സി എ 56 5 ജി, ഗാലക്‌സി എ 36 5 ജി എന്നിവ ഉൾപ്പെടെയുള്ള ഫോണുകൾ പുതിയ സ്‌കീമിന് കീഴിൽ ലഭ്യമാക്കുമെന്നും കമ്പനി പറഞ്ഞു. ഇത് ഇ-മാലിന്യവും പുതിയ ഫോണുകൾ നിർമ്മിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതവും കുറയ്ക്കുമെന്ന് സാംസങ് ഓർമപ്പെടുത്തുന്നു.
റീ-ന്യൂവ്ഡ് പ്രോഗ്രാമിന് കീഴിൽ വാങ്ങുമ്പോൾ സാംസങ് ഗാലക്‌സി എസ് 25 അൾട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 97,499 രൂപയാണ് വില. ഇതിന്‍റെ ഇഎംഐ 4,727.40 രൂപ മുതൽ ആരംഭിക്കുന്നു. അതേസമയം ഗാലക്‌സി എസ് 25ന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 58,749 രൂപയാണ് വില. ഇതിന്‍റെ ഇഎംഐ 2,848.54 രൂപ മുതൽ ആരംഭിക്കുന്നു.
ഗാലക്‌സി എ56 5 ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 31,499 രൂപ വിലയുണ്ട്. ഇഎംഐ 1,512.36 രൂപ മുതൽ ആരംഭിക്കുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 32,749 രൂപ വിലയുണ്ട്. ഇതിന്‍റെ ഇഎംഐ 1,572.37 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഗാലക്‌സി എ36 5 ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 23,249 രൂപയാണ് വില. ഇഎംഐ 1,116.25 രൂപ മുതൽ ആരംഭിക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് വില 24,499 രൂപയും ഇഎംഐ 1,176.27 രൂപ മുതലുമാണ്. സർട്ടിഫൈഡ് റീ-ന്യൂഡ് പ്രോഗ്രാമിന് കീഴിലുള്ള എല്ലാ ഉപകരണങ്ങളും സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (samsung.com) വഴിയും ഇന്ത്യയിലുടനീളമുള്ള സാംസങ് ഷോപ്പ് ആപ്പ് വഴിയും വാങ്ങാനാകും.
