കുവൈറ്റ് സിറ്റി: യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈറ്റ് കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.
യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ തലാഷിലാണ് ഷാമ്പൂ കുപ്പികൾക്കുള്ളിൽ ദ്രാവക രൂപത്തിൽ സൂത്രത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലഹരിമരുന്ന് ഷാമ്പൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കുവൈറ്റിലേക്ക് അനധികൃതമായി നിരോധിത വസ്‌തുക്കൾ കടത്തുന്നത് തടയുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ കർശന നിർദ്ദേശാനുസരണമാണ് കസ്റ്റംസ് തങ്ങളുടെ പരിശോധന ശക്തമാക്കിയത്. രാജ്യ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് എല്ലാ അതിർത്തി പോയിന്റുകളിലും ലഹരിമരുന്ന് കടത്ത് തടയുന്നതിന് ശക്തമായ സുരക്ഷാ നിരീക്ഷണം തുടരുമെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.



