കുവൈറ്റ് സിറ്റി: തൊഴിലിടങ്ങളിലും വീടുകളിലും വൈദ്യുതിയും ജലവും വിവേകപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ശരിയായ ശീലങ്ങൾ രൂപപ്പെടുത്തുകയും സാമൂഹിക ഉത്തരവാദിത്തം വളർത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസാഹ) ആസ്ഥാനത്ത് സംഘടിപ്പിച്ച “സുസ്ഥിരതയ്ക്കായി സമ്പാദിക്കാം” എന്ന തലക്കെട്ടിലുള്ള ബോധവൽക്കരണ ക്ലാസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നസാഹ അധ്യക്ഷ ഡോ. റാണ അൽ ഫാരിസും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിൽ വൈദ്യുതിയും ജല ഉപഭോഗവും കുറയ്ക്കാൻ സഹായിക്കുന്ന പ്രായോഗിക രീതികളെക്കുറിച്ചും അത് ഓഫീസുകളിലും വീടുകളിലും നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.
ഊർജ സംരക്ഷണ സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം ബോധവൽക്കരണ പരിപാടികളും പദ്ധതികളും തുടർന്നും നടപ്പിലാക്കുമെന്ന് റേഷൻലൈസേഷൻ മീഡിയ ആൻഡ് അവെയർനസ് ടീം വ്യക്തമാക്കി. പരിപാടിയിലെ പങ്കാളികളുടെ സജീവ പങ്കാളിത്തത്തെയും ചർച്ചകളെയും അധികൃതർ അഭിനന്ദിച്ചു.മന്ത്രാലയത്തിലെ മീഡിയ ആൻഡ് അവെയർനസ് ടീം അംഗങ്ങളായ എൻജി. ഖദീജ മിഷാരി, എൻജി. അൻഫാൽ അൽ ഫൈലകാവി, എൻജി. അബ്ദുൽ അസീസ് അൽ ഇബ്രാഹിം, എൻജി. ദലാൽ അൽ മൻസൂരി എന്നിവരാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.



