കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്നതിനിടെ ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് വ്യാപക തിരിച്ചടി നേരിടുന്നു. അമേരിക്ക ഗൾഫ് മേഖലയിലുള്ള പൗരന്മാർക്ക് കൂടുതൽ വിമാനങ്ങൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ-ഹൂതി സംഘർഷവും മേഖലയിൽ വർധിച്ച സൈനിക സംഘർഷ സാധ്യതയും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.ഇതിനിടെ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ വിവിധ എയർലൈൻസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്സിന്റെ കുവൈത്ത് കണക്ഷൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, കുവൈത്ത് എയർവേയ്സിന്റെ ചില സർവീസുകൾ സാധാരണപോലെ തുടരുന്നുണ്ടെങ്കിലും യാത്രയ്ക്കു മുമ്പ് വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതരും ട്രാവൽ ഏജൻസികളും നിർദേശിക്കുന്നു.സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് പൂർണ ടിക്കറ്റ് തുക തിരിച്ചുനൽകുകയോ, അധിക ചാർജില്ലാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റിനൽകുകയോ ചെയ്യുന്ന സൗകര്യം പല എയർലൈൻസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കോ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസിന്റെ ഔദ്യോഗിക അറിയിപ്പുകളും വിമാനത്തിന്റെ സ്റ്റാറ്റസും നിർബന്ധമായും പരിശോധിച്ച് മാത്രമേ യാത്ര തിരിക്കാവൂ.



