കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സഹകരണ സംഘങ്ങളുടെയും (Co-op) സെൻട്രൽ മാർക്കറ്റുകളുടെയും ശാഖകളിൽ നിന്ന് ഒരാൾക്ക് പരമാവധി 5 കാർട്ടൺ കുപ്പിവെള്ളം മാത്രം വാങ്ങാനാകുന്ന നിയന്ത്രണം തുടരുമെന്ന് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനം കർശനമായി നടപ്പാക്കാൻ എല്ലാ സഹകരണ സംഘങ്ങൾക്കും നിർദേശം നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. ആവശ്യത്തിനുമപ്പുറം വെള്ളം വാങ്ങി സംഭരിക്കുന്നത് ഉപഭോക്താക്കളിൽ അനാവശ്യ ആശങ്കയും തിരക്കും സൃഷ്ടിക്കുന്നതിനാലാണ് നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് കുപ്പിവെള്ളത്തിന്റെ ഉൽപാദനത്തിനോ വിതരണത്തിനോ യാതൊരു കുറവും ഇല്ലെന്നും, വിപണികളിലും സഹകരണ സംഘങ്ങളിലുമുള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണം ക്ഷാമം മൂലമല്ല, മറിച്ച് അമിത വാങ്ങലും സംഭരണവും തടയാനുള്ള മുൻകരുതൽ നടപടിയാണെന്നും എല്ലാ അവശ്യ സാധനങ്ങളും ആവശ്യത്തിന് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.യഥാർത്ഥ ആവശ്യത്തിന് മാത്രം വെള്ളം വാങ്ങണമെന്നും, അനാവശ്യമായി സംഭരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ആശങ്ക പരത്തരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.



